ASSEMBLY ELECTION 2026

കേരളം യുഡിഎഫ് ഭരിക്കുമെന്ന് ഭൂരിഭാ​ഗം എക്സിറ്റ് പോൾ പ്രവചനങ്ങൾ; 90 സീറ്റ് വരെ നേടുമെന്നും പ്രവചനം

ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. വിവിധ ഏജൻസികളുടെ എക്സിറ്റ്പോൾ ഫലങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. സിഎൻഎൻ ന്യൂസ്, പീപ്പിള്‍സ് പള്‍സ്, സീ ന്യൂസ്, മാട്രിസ്, ജെവിസി, പി മാർക്, ആക്സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, ബീക്കൺ എക്സ്ക്യൂസീവ് എന്നീ ഏജൻസികളുടെ സർവേ ഫലങ്ങളാണ് പുറത്തുവിട്ടത്. കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്.

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. യുഡിഎഫ് 90 സീറ്റ് വരെ നേടുമെന്നുമാണ് പ്രവചനം. എൽഡിഎഫിന് 62 വരെയും എൻഡിഎയ്ക്ക് നാല് സീറ്റുകളും ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് സിഎൻഎൻ ന്യൂസും പ്രവചിക്കുന്നത്. യുഡിഎഫിന് 70 മുതൽ 80 വരെ സീറ്റ് ലഭിക്കും. എൽഡിഎഫിന് 58 മുതൽ 68 വരെയും എൻഡിഎയ്ക്ക് നാല് സീറ്റ് ലഭിക്കുമെന്നും സിഎൻഎൻ ന്യൂസ് പ്രവചിക്കുന്നു.

കേരളത്തിൽ യുഡിഎഫിന് 75 മുതൽ 85 സീറ്റ് വരെ ലഭിക്കുമെന്നാണ് പീപ്പിൾസ് പൾസ് പ്രവചിക്കുന്നത്. എൽഡിഎഫ് 55 മുതൽ 65 സീറ്റ് വരെയും ബിജെപി മൂന്ന് വരെ സീറ്റുകളും നേടുമെന്നും പ്രവചനം. യുഡിഎഫിന് 63 മുതൽ 74 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സീ ന്യൂസ് പ്രവചിക്കുന്നത്. എൽഡിഎഫിന് 70 വരെയും എൻഡിഎയ്ക്ക് അഞ്ച് വരെയും സീറ്റുകൾ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 70 മുതൽ 75 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് മാട്രിസ് എക്സിറ്റ് പോൾ ഫലം പറയുന്നത്. എൽഡിഎഫിന് 60 മുതൽ 65 വരെയും ബിജെപിക്ക് നാല് സീറ്റ് വരെ ലഭിക്കുമെന്നും മാട്രിസിന്റെ എക്സിറ്റ് പോൾ ഫലം പറയുന്നു.

യുഡിഎഫിന് 84 വരെ സീറ്റുകളും എൽഡിഎഫിന് 61 സീറ്റുകളും എൻഡിഎയ്ക്ക് ഏഴ് സീറ്റും ലഭിക്കുമെന്നാണ് ജെവിസി പ്രവചിക്കുന്നത്. യുഡിഎഫിന് 79 സീറ്റുകൾ വരെയാണ് പി-മാർക്ക് പ്രവചിക്കുന്നത്. എൽഡിഎഫിന് 69 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്നും ലഭിക്കുമെന്നും പി-മാർക്ക് പ്രവചിക്കുന്നു. 81 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് ബീക്കൺ എക്സ്ക്ലൂസീവ് പ്രവചിക്കുന്നത്. 62 വരെ സീറ്റുകൾ എൽഡിഎഫും അഞ്ച് വരെ സീറ്റുകൾ എൻഡിഎയും നേടുമെന്നും പ്രവചനം. 80 വരെ സീറ്റുകൾ യുഡിഎഫും 68 വരെ എൽഡിഎഫും നാല് വരെ സീറ്റുകൾ എൻഡിഎയും നേടുമെന്നാണ് വോട്ട് വൈബും പ്രവചിക്കുന്നത്.

കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് ടീം പിഎസ്ആറും പ്രവചിക്കുന്നത്. യുഡിഎഫിന് 74 മുതൽ 80 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. എൽഡിഎഫിന് 56 മുതൽ 64 വരെയും ബിജെപിക്ക് നാല് സീറ്റും ലഭിക്കുമെന്നും ടീം പിഎസ്ആറിൻ്റെ എക്സിറ്റ് പോൾ ഫലം പറയുന്നു. എൽഡിഎഫ് 58-64 സീറ്റുകൾ, യുഡിഎഫ് 72-80 സീറ്റുകൾ, എൻഡിഎ 01-03 സീറ്റുകൾ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സർവേ ഫലം.

അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ പ്രതീക്ഷയോടെയാണ് മുന്നണികൾ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ഭരണമാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

SCROLL FOR NEXT