തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്ക് നാളെ വരെ മാത്രമാണ് ആയുസുള്ളത്. ഫലം വന്ന് ഒരു മണിക്കൂറിൽ ഇടതുമുന്നണി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും എം.വി ഗോവിന്ദൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എൽഡിഎഫ് അനുകൂല തരംഗം ഉണ്ടാകുമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. എന്നാൽ നല്ല ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. 90 സീറ്റിന് മുകളിൽ എൽഡിഎഫ് നേടും. മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുക. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയനാണ് യോഗ്യൻ, എം.വി. ഗോവിന്ദന്റെ വാക്കുകൾ.
പിണറായി വിജയനാണോ മുഖ്യമന്ത്രി എന്നത് നാളെ തന്നെ അറിയാൻ സാധിക്കുന്നതാണ്. അത് ഒറ്റ മണിക്കൂർ കൊണ്ട് ഇടതുമുന്നണിക്ക് തീരുമാനിക്കാവുന്നതേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. പാളയത്തില്‍ പട നടത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പിണറായി മുഖ്യമന്ത്രി ആകണം എന്നാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.