ഫാത്തിമ തഹ്ലിയ 
ASSEMBLY ELECTION 2026

സമുദായത്തിൻ്റെ പേരിൽ വോട്ട് അഭ്യർഥിച്ചുവെന്ന് ആരോപണം; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയ്ക്കും നോട്ടീസ്

മൈക്ക് അനൗൺസ്മെൻ്റ് വിവാദത്തിൽ പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് നോട്ടീസ് ലഭിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സമുദായത്തിൻ്റെ പേരിൽ വോട്ട് അഭ്യർഥിച്ചുവെന്ന് ആരോപിച്ച് പേരാമ്പ്ര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയ്ക്കും നോട്ടീസ്. പേരാമ്പ്ര റിട്ടേണിങ് ഓഫിസർക്ക് മൂന്ന് വ്യക്തികൾ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിക്ക് നോട്ടീസ് അയച്ചത്.

നേരത്തെ മൈക്ക് അനൗൺസ്മെൻ്റ് വിവാദത്തിൽ പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് നോട്ടീസ് ലഭിച്ചിരുന്നു. ഫാത്തിമ തഹ്‌ലിയക്കെതിരെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൻമേലാണ് നോട്ടീസ് അയച്ചത്.

ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗൺസ്‌മെൻ്റ്.

ഇതിനിടെ, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ ഫാത്തിമ തഹ്ലിയ ആശുപത്രി വിട്ടു. ആശുപത്രിയിലായതിനെ തുടർന്ന് മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ മാറ്റി വെച്ചിരുന്നു.

SCROLL FOR NEXT