

കൊല്ലം: എഫ്‌സിആർഎ നിയമഭേദഗതിയിൽ ക്രൈസ്തവ സഭകള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് വോട്ട് ബാങ്കു മാത്രമായാണ് കാണുന്നതെന്നും റിജിജു വിമർശിച്ചു.
"ബില്ല് കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ക്രൈസ്തവ സഹോദരങ്ങൾക്ക് ആശങ്ക വേണ്ട. അവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങൾ കേൾക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർ മാത്രം ആശങ്കപ്പെട്ടാൽ മതി. എഫ്‌സിആർഐ വിഷയത്തിൽ പ്രതിപക്ഷം നുണ പറയുകയാണ്," കേന്ദ്രമന്ത്രി റിജിജു വ്യക്തമാക്കി.
അതേസമയം, എഫ്‌സിആർഎ നിയമഭേദഗതി ബിൽ ന്യൂനപക്ഷങ്ങളിൽ ഭയം ഉണ്ടാക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബില്ല് സർക്കാൻ പിൻവലിക്കുമോ എന്നാണ് കേരളത്തിൽ വരുന്ന മോദിയോട് നാട് ചോദിക്കുന്നത്. നാളത്തെ പ്രസംഗത്തിൽ അക്കാര്യം പ്രഖ്യാപിക്കുമോ എന്നും ബിനോയ് വിശ്വം ചോദിച്ചു.
ബിജെപി നേതാക്കൾ ക്രിസ്തീയ ഭവനങ്ങളിലേക്ക് കേക്കുമായി പോയതും കയ്യിൽ മുത്തിയതുമെല്ലാം ആത്മാർത്ഥത ഇല്ലാതെയാണ്. അത് ചെന്നായ ആട്ടിൻ തോലിട്ട് കളിച്ച നാടകമാണെന്നും ബിനോയ് വിശ്വം ആഞ്ഞടിച്ചു.
എഫ്‌സിആര്‍എ ഭേദഗതിക്ക് എതിരെ നിരവധി ക്രിസ്തീയസഭകൾ രംഗത്തുവന്നിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. നിലവിലുള്ള നിയമങ്ങൾ കർശനമാണ്. അത് കൃത്യമായി പാലിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. പുതിയ നിയമം ആശങ്കയാണ്. സഭയെ വലിയ നിലയിൽ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ നിയമം. സഭകൾ ഇതുവരെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും എല്ലാം മുടങ്ങുന്ന സ്ഥിതിയാണുള്ളത്. നിലവിൽ സഭയുടെ പല കാര്യങ്ങളും ബ്ലോക്ക് ചെയ്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകൾ ഭയപ്പെടില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ മറുപടി നൽകി. ഏതു യാതനയും അനുഭവിക്കാൻ നാം തയാറാകേണ്ട കാലമായിരിക്കുന്നുവെന്ന് ദുഃഖവെള്ളി സന്ദേശത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പറഞ്ഞു. എല്ലാ ഭീഷണികളെയും അതിജീവിച്ച് വന്നതാണ് ക്രൈസ്തവസഭകളുടെ ചരിത്രം. ക്രിസ്തുവിനെയല്ലാതെ ആരെയും സഭ ഭയപ്പെടുന്നില്ല. ഒരു രാഷ്ട്രീയ വ്യവസ്ഥിതിയേയും ഭയക്കുന്നില്ല. ഇന്ത്യയിൽ ക്രൈസ്തവ സമൂഹം ഭീഷണി നേരിടുന്നുണ്ട്. ക്രിസ്ത്യാനികളായതിൻ്റെ പേരിൽ വൈദികരും കന്യാസ്ത്രീകളും രാജ്യത്ത് ആക്രമിക്കപ്പെടുന്നുണ്ട്. ഏതു പീഡനങ്ങളും നേരിടാൻ നാം ഒരുങ്ങേണ്ടിയിരിക്കുന്നു എന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.