കൊല്ലം: മാധ്യമപ്രവർത്തകരോട് ഇന്നും ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലരുടെ ചോദ്യങ്ങൾക്ക് മാത്രം ഉത്തരമെന്ന് പറഞ്ഞ് പ്രതിഷേധം ഉയർത്തിയ മാധ്യമങ്ങളോട്, വാർത്താ സമ്മേളനം കഴിഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരിച്ച് വന്ന് മറുപടി നൽകി. ചോദ്യങ്ങൾ മനസിലല്ല നേരിട്ട് ചോദിക്കണമെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസവും മാധ്യമങ്ങളോട് പിണറായി ക്ഷുഭിതനായിരുന്നു. കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് സംഭവം.
ഏത് പ്രതിസന്ധി വന്നാലും സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുമെന്നും എൽഡിഎഫിന് കൃത്യമായ ദിശാബോധമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2016ൽ അധികാരത്തിൽ വന്നപ്പോൾ തന്നെ നാടിൻ്റെ ശോചനീയാവസ്ഥ മാറ്റി മുന്നോട്ട് കൊണ്ട് പോകാനും ജിഎസ്ഡിപി ഉയർത്താൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളം കടക്കെണിയിലെന്നത് വസ്തുതാ വിരുദ്ധമായ ആരോപണമെന്ന് പിണറായി പറഞ്ഞു. തുടർ ഭരണം കേരളത്തെ അഭിവൃദ്ധിപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും അർഹമായ വിഹിതം കേന്ദ്രം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നാടിൻ്റെ വികസന കാര്യങ്ങളിൽ ആരോഗ്യകരമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാറിനെതിരെ പാർലമെൻ്റിലുള്ള യുഡിഎഫ് എംപിമാർ മിണ്ടിയിട്ടില്ലെന്നും മുഖ്യ മന്ത്രി ആരോപിച്ചു. പകരം കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയുമാണ് എംപിമാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വ്യവസായ മേഖലകളെ സർക്കാർ ചേർത്തു പിടിച്ചുവെന്നും കശുവണ്ടി മേഖലകളിൽ അടഞ്ഞ് കിടക്കുന്ന ഫാക്ടറികൾ തുറക്കാൻ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.