ASSEMBLY ELECTION 2026

2021ലെ തെരഞ്ഞെടുപ്പിൽ നൽകിയത് 900 വാഗ്ദാനങ്ങൾ, 97 ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്

കെ റെയിലിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും എൽഡിഎഫ് സർക്കാരിന് കീഴിൽ നടപ്പാക്കരുതെന്ന് യുഡിഎഫും ബിജെപിയും തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ നിരത്തി പ്രോഗ്രസ് കാർഡുമായി എൽഡിഎഫ്. 2021 തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനം വാഗ്ദാനങ്ങളും നടപ്പിലാക്കിയെന്ന് റിപ്പോർട്ട് പറയുന്നു. അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ആളുകൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയെന്നും ലൈഫ് മിഷന് പുറമേ പുനർഗേഹം പദ്ധതി വഴി 2782 വീടുകളും 738 ഫ്ലാറ്റുകൾ കൈമാറിയെന്നും റിപ്പോർട്ട്.

അറുപതിനായിരത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കിയെന്നും ജപ്തി ഭീഷണി നേരിടാൻ ഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നുവെന്നും റിപ്പോർട്ട് പറയുന്നു.16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം സർക്കാർ 1000 രൂപ നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ സ്മാർട്ടിലൂടെ 82 ലക്ഷം അപേക്ഷകൾ അതിവേഗം തീർപ്പാക്കിയെന്നും മുഖ്യമന്ത്രി.

പിഎസ്‌സി അപേക്ഷാ പ്രായപരിധി ഉയർത്തുകയും 313,202 നിയമനങ്ങൾ നടപ്പാക്കുകയും ചെയ്തെന്ന് റിപ്പോർട്ട്. കെ ഡെസ്ക് വഴി 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. കണക്ട് ടു വർക്ക് വഴി 75,366 പേർക്ക് സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

വയനാട്ടിൽ 178 വീടുകൾ പൂർത്തിയായെന്നും സർക്കാർ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിന് 150 കോടി നൽകിയെന്നും റിപ്പോർട്ട്. വയനാട് തുരങ്ക പാത, വിഴിഞ്ഞം പദ്ധതി ഇവയെല്ലാം നേട്ടങ്ങളായി മുഖ്യമന്ത്രി എടുത്ത് പറഞ്ഞു.

കെ റെയിലിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു എന്നാൽ എൽഡിഎഫ് സർക്കാരിന് കീഴിൽ നടപ്പാക്കരുതെന്ന് യുഡിഎഫും ബിജെപിയും തീരുമാനിച്ചു എന്നും പിണറായി വിജയൻ ആരോപിച്ചു.

SCROLL FOR NEXT