Source: News Malayalam 24x7
ASSEMBLY ELECTION 2026

സംസ്ഥാനത്ത് പലയിടങ്ങളിലും വി.ഡിക്കായി പ്രതിഷേധ പ്രകടനം; വി.ഡിയെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്ന് കോൺഗ്രസ് പ്രവർത്തകൻ

'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രകടനം...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സംസ്ഥാനത്ത് പലയിടങ്ങളിലും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം. എറണാകുളത്തും തൃശൂരും കണ്ണൂരും കോഴിക്കോടും വി.ഡി. സതീശനായി പ്രതിഷേധ പ്രകടനം നടന്നു. സതീശനെ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രകടനം. എറണാകുളം നെട്ടൂർ, കളമശേരി എന്നിവിടങ്ങളിലും, തൃശൂർ കുന്നംകുളത്തും, കോഴിക്കോട് കുറ്റ്യാടിയിലും, കണ്ണൂരിൽ കെ.സി. വേണുഗോപാലിന്റെ നാട്ടിലും പ്രകടനം നടന്നു. പഴയങ്ങാടിയിൽ കെ.സിയുടെ ഫ്ലെക്സ് പ്രകടനക്കാർ നശിപ്പിച്ചു.

ഇരിട്ടിയിൽ സതീശൻ അനുകൂല പ്രകടനത്തിനിടെ മുൻ ഡിസിസി ജനറൽ സെക്രട്ടറി തോമസ് വർഗീസിന് മർദനമേറ്റു. കോൺഗ്രസ് പുറത്താക്കിയ ഒറ്റുകാരനെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തോമസ് വർഗീസിനെ കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെട്ട് എറണാകുളത്ത് നാളെയും പ്രകടനം നടക്കും. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരസ്യമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആലുവ കീഴ്മാട് പഞ്ചായത്തിലെ പ്രവർത്തകരാണ് നാളെ വൈകിട്ട് പ്രകടനം പ്രഖ്യാപിച്ചിരിക്കുന്നത്.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്ന് കോൺഗ്രസ് പ്രവർത്തകൻ പ്രഖ്യാപിച്ചു. മലപ്പുറം നന്നബ്ര പഞ്ചായത്ത് മൂന്നാം വാർഡ് അംഗം സഫ്‌വാൻ കെ.വിയുടെതാണ് വേറിട്ട പ്രതിഷേധം. ഫേസ്ബുക്കിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസിന് നാല് അംഗങ്ങളാണുള്ളത്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ച് യുഡിഎഫ് ഘടകകക്ഷികൾ. നിലപാട് എഐസിസി നിരീക്ഷകരെ അറിയിച്ചു. ലീഗിൽ ചർച്ച ചെയ്ത കാര്യം അറിയിച്ചെന്നും കോൺഗ്രസ് തീരുമാനം എടുക്കട്ടെ എന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിറ്റിംഗ് എംഎൽഎ വേണമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കണം എന്നും ജോസഫ് പറഞ്ഞു.

SCROLL FOR NEXT