

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. കെ.സി വേണുഗോപാൽ പക്ഷത്തിനാണ് കൂടുതൽ എംഎൽഎമാരുടെ പിന്തുണ എന്ന് അവകാശ വാദം ഉയരുന്നതിനിടെ പരോക്ഷമായി വി.ഡി.സതീശന് പിന്തുണ അറിയിച്ചിരിക്കുകയാണ് യുഡിഎഫ് ഘടകക്ഷികൾ.
യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ്റെ പേര് എഐസിസി നിരീക്ഷകരെ നേരിട്ട് അറിയിച്ചതായാണ് വിവരം. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എംപി എന്നിവരടക്കമെത്തിയാണ് പിന്തുണ അറിയിച്ചത്.
എഐസിസി നിരീക്ഷകരുമായി നടത്തിയ ചർച്ചയിൽ ഇനി കോൺഗ്രസ് ഒരു തീരുമാനം എടുക്കട്ടെയെന്നാണ് യോഗത്തിന് ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. അതേസമയം, മുഖ്യമന്ത്രി തർക്കം പൊതുസമൂഹത്തിൽ അവ മതിപ്പുണ്ടാക്കുന്നതെന്ന് ആർഎസ്പി അറിയിച്ചു. ആർഎസ്പിയുടെ അഭിപ്രായവും നിരീക്ഷകരെ അറിയിച്ചു. ആരുടെയും പേര് പറഞ്ഞിട്ടില്ല. ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും അംഗീകരിക്കും. എന്നാൽ ,ഗ്രൗണ്ട് റിയാലിറ്റി കോൺഗ്രസ് നേതൃത്വം മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും വി.ഡി.സതീശനുള്ള പരോക്ഷ പിന്തുണ പരാമർശിച്ച് ആർഎസ്പി നേതാക്കൾ വ്യക്തമാക്കി.
മുഖ്യമന്ത്രി ചർച്ചയിൽ പൊതുവികാരം കണക്കിലെടുത്ത് എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. സിറ്റിംഗ് എംഎൽഎമാരിൽ ഒരാളാകണം മുഖ്യമന്ത്രി. ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിലെ പരോക്ഷ എതിർപ്പും കേരള കോൺഗ്രസ് ജോസഫ് വിഭാഗം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ഘടകകക്ഷികളുമായുള്ള എഐസിസി നിരീക്ഷകരുടെ ചർച്ച. മുഖ്യമന്ത്രി ചർച്ചയിൽ 48 എംഎൽഎമാരുടെ പിന്തുണ കിട്ടിയെന്ന് കെ.സി. പക്ഷം അവകാശം ഉന്നയിച്ചതിന് പിന്നാലെ വി.ഡി.സതീശനായി തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകരും.