തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാനുള്ള സംവാദത്തിന് തയ്യാറാണ് എന്ന വി. ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി വരുന്ന ദിവസം സംവാദത്തിന് ക്ഷണിച്ചത് ശിവൻകുട്ടിയുടെ തന്ത്രമാണ്. ഇത്തരം തന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംവാദത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ, ആദ്യം സംവാദം മുഖ്യമന്ത്രിയുമായിട്ടായിരിക്കും. മുഖ്യമന്ത്രി തീയതിയും സ്ഥലവും പറയട്ടെ എന്നും അദ്ദേഹമല്ലേ പത്തുകൊല്ലം കേരളം ഭരിച്ചത് എന്നും ജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മണ്ഡലത്തിൽ വികസനം ഇല്ലെന്ന് അല്ലേ ബിജെപി സ്ഥാനാർഥിയുടെ വാദം. ഈ മാസം 29-ന് രാവിലെ മുതൽ ഉച്ചവരെ താൻ പൂജപ്പുരയിൽ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖറിന് സംവാദത്തിന് വരാമെന്നും വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. സമയവും സ്ഥലവും പറഞ്ഞാലും, ഏത് തീയതിയായാലും ഒരു കുഴപ്പവുമില്ലെന്നും 2016ലെ ബിജെപി എംഎൽഎയും 2021 ലെ എൽഡിഎഫ് എംഎൽഎയും നേമത്ത് കൊണ്ടുവന്ന വികസനം താരതമ്യം ചെയ്ത് നാട്ടുകാർ ചർച്ച ചെയ്യട്ടെയെന്നും ശിവൻകുട്ടി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.