തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിച്ച് സംസ്ഥാനത്തെ മത സാമുദായിക നേതാക്കൾ. ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണം. നന്മയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു കർദിനാൾ ക്ലിമിസ് കാത്തോലിക്കാ ബാവയുടെ ആഹ്വാനം. എഫ്‌സിആർഎ നിയമഭേദഗതി നിലപാട് എങ്ങനെ പ്രതിഫലിപ്പിക്കണമെന്ന് ജനങ്ങൾക്കറിയാമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു.
വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറിൽ തന്നെ സംസ്ഥാനത്തെ വിവിധ പോളിങ് ബൂത്തുകളിൽ മത-സാമുദായിക നേതാക്കൾ സമ്മതിദാന അവകാശം വിനിയോഗിച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങളാണ് രാജാക്കൻമാരെന്നും ആര് ഭരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രതികരിച്ചു. ഒപ്പം എഫ്‌സിആർഎ നിയമഭേദഗതിയിലെ വിയോജിപ്പും പരസ്യമാക്കി.
എഫ്സിആർഎ നിയമഭേദഗതിയെ ആശങ്ക തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും പ്രകടിപ്പിച്ചു. ഒപ്പം നാടിനു അനുയോജ്യരായവരെ വിജയിപ്പിക്കണമെന്നും പ്രതികരിച്ചു. നാടിൻ്റെ വളർച്ചയ്ക്കായി വോട്ട് വിനിയോഗിക്കണമെന്നു തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് സ്കൂളിൽ വോട്ടവകാശം വിനിയോഗിച്ച ശേഷം കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ പ്രതികരിച്ചു.
കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി സെൻ്റ് തേരാസാസ് സ്കൂളിലെ ബൂത്തിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വോട്ട് രേഖപ്പെടുത്തി. സമദൂരം പാലിച്ചാണ് സുകുമാരൻ നായർ നിലപാട് പറഞ്ഞത്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം ഗവ. എൽപി സ്കൂളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സെൻ്റ് ജോർജ് സ്കൂളിലെത്തി വോട്ടവകാശം വിനിയോഗിച്ചു. കഴിഞ്ഞ സർക്കാരിനോട് തൃപ്തിയും അതൃപ്തിയും ഉണ്ടെന്നും സമ്മതിദാന അവകാശം ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ പ്രതികരിച്ചു.
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാശിയും സമ്പത്തും ഇറക്കിയുള്ള മത്സരമാണ് തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ മുഖ്യമന്ത്രി ആവണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തുടങ്ങിയവർ, ശിവഗിരി മട്ട് ജംഗ്ഷനിലെ പിഡബ്ലിയുഡി മൈനർ ഇറിഗഷൻ ഓഫീസിലെ ബൂത്തിലെത്തി ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി.