ASSEMBLY ELECTION 2026

ജി. സുധാകരന് പരാജയഭീതി, ജയിക്കാൻ എന്തും പറയുന്നമെന്ന മാനസികാവസ്ഥ, അദ്ദേഹത്തിന്റെ ക്വാളിറ്റി നഷ്ടപ്പെട്ടു: സജി ചെറിയാൻ

അമ്പലപ്പുഴയിലെ ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അവർ അവസരവാദത്തിന് അറുതി വരുത്തുമെന്നും സജി ചെറിയാന്‍

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ ജി. സുധാകരനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി. സുധാകരന് പരാജയഭീതിയാണ്. ജയിക്കാൻ എന്ത് പരാമർശവും നടത്താമെന്ന മാനസികാവസ്ഥയിലാണ് സുധാകരനെന്നും സജി ചെറിയാന്‍ പറഞ്ഞു. സ്ത്രീയെ സമുദായം പറഞ്ഞ് ആക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. ആശയകുഴപ്പത്തിൽ ആക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അമ്പലപ്പുഴയിലെ ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അവർ അവസരവാദത്തിന് അറുതി വരുത്തുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗമായ സി.എസ്. സുജാത ദീർഘകാലമായി സംഘടന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. സുജാതയ്ക്ക് ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി. സുധാകരൻ ശത്രുക്കൾക്ക് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച സജി ചെറിയാൻ സുധാകരനെ നേതാവ് എന്ന് വിളിക്കരുതെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാർമികതയാണ് ഒരു നേതാവിന് വേണ്ടതെന്നും അത് അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ക്വാളിറ്റി നശിപ്പിച്ചു. വിശ്വസിച്ച ജനങ്ങളെ ഒറ്റുകൊടുത്തുവെന്നും മന്ത്രി വിമര്‍ശിച്ചു.

സഹോദരനായ ഭുവനേശ്വരനെ കൊന്നത് എസ്എഫ്ഐക്കാർ എന്ന് പറയുന്നു. സ്വന്തം സഹപ്രവർത്തകർ കൊന്നു എന്നാണ് പറയുന്നത്. അ​​ദ്ദേ​ഹം ആരെയും ഒറ്റുകൊടുക്കും. സഹോദരനെ ഒറ്റുകൊടുക്കുന്നു. സഖാക്കളെ ഒറ്റുകൊടുക്കുന്നു. തെരഞ്ഞെടുപ്പിൽ എന്തും പറഞ്ഞ് പത്ത് വോട്ട് നേടാമെന്നാണ്. യുഡിഎഫിന്റെ പരാജയം കേരളത്തിൽ ഉണ്ടാകുമ്പോൾ ഏറ്റവും ശ്രദ്ധേയമായ പരാജയം അമ്പലപ്പുഴയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുജാത നായന്മാരുടെ വീട്ടിലേക്ക് മാത്രമേ പോകുവെന്നും നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും തലയിൽ ചുടിയാണ് പോകുന്നത് എന്നുമായിരുന്നു സുധാകരന്റെ പരാമാർശം. അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഐഎമ്മിനു കിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നായരെയും ധീവരനെയും തമ്മില്‍ തെറ്റിക്കുകയാണെന്നും സുധാകരന്‍ പറ‍ഞ്ഞിരുന്നു. എന്‍.കെ. പ്രേമചന്ദ്രൻ എംപി അടക്കമുള്ളവർ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം.

SCROLL FOR NEXT