വിജയ് Source: X / ANI
ASSEMBLY ELECTION 2026

"മുടി ചൂടാ മന്നൻ"; തമിഴകത്ത് വെന്നിക്കൊടി പാറിച്ച് വിജയ്

ഡിഎംകെ ആധിപത്യം വേരോട് പിഴുതെറിഞ്ഞ് തമിഴക വെട്രി കഴകം

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: എംജിആറിനും ജയലളിതയ്ക്കും പിൻഗാമിയായി കന്നിയങ്കത്തിൽ തന്നെ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് വിജയ്. തമിഴ് രാഷ്ട്രീയത്തിൽ ഇനി തമിഴക വെട്രി കഴകത്തിൻ്റെ പടയോട്ടം. വെള്ളിത്തിരയിൽ മാന്ത്രികത സൃഷ്ടിച്ച വിജയ് അവസാനം രാഷ്ട്രീയത്തിലും അത്ഭുതം കാട്ടി മുന്നേറുകയാണ്.

വിജയ് രാഷ്ട്രീയത്തിൽ ശോഭിക്കില്ലെന്ന് പരിഹസിച്ചുള്ളവർക്ക് കടുത്ത മറുപടിയാവും വിജയ്‌യുടെ ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം മുതൽ തെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശം വരെ ദുരന്തങ്ങളുടെ ഘോഷയാത്രയാണ് വിജയിനെ കാത്തിരുന്നത്. കരൂർ ദുരന്തത്തോടെ വിജയ്‌യുടെ രാഷ്ട്രീയ പടയോട്ടം അവസാനിച്ചെന്ന് കരുതിയെങ്കിൽ തെറ്റിപറ്റിയെന്ന് സൂചിപ്പിക്കുന്നതാണ് വിജയ്‌യുടെ വിജയഗാഥ.

വർഷങ്ങളായുള്ള ഡിഎംകെയുടെ ആധിപത്യം വേരോടെ പിഴുതെറിഞ്ഞാണ് തമിഴക വെൻടി പാർട്ടി ഇടംപിടിച്ചത്.വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളിയിലും പെരമ്പൂരിലും വൻ മുന്നേറ്റമാണ് വിജയ് നടത്തികൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് പുറത്തിറങ്ങാനിരുന്ന ജനനായകൻ എന്ന ചിത്രം വെളിച്ചം കാണാതെ പോയത് ടിവികെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയായിരുന്നു.

ജനങ്ങളെ സ്വാധീനിക്കാനാണ് ചിത്രം പുറത്തിറക്കാൻ ശ്രമമെന്ന എതിർപാർട്ടികളുടെ ആരോപണത്തിൻ്റെ മുനയൊടിക്കുന്നതാണ് വിജയ്‌യുടെ മുന്നേറ്റം. വിജയ്ക്കെതിരെ വ്യക്തിഹത്യയും വിവാഹേതര ബന്ധവും തെരഞ്ഞെടുപ്പിനിടെ ഉയർന്ന് വന്നെങ്കിലും ഇതൊന്നും വിജയ്‌യെ സ്പർശിച്ചില്ല. പല തമിഴ് താരങ്ങളും രാഷ്ട്രീയത്തിൽ ശോഭിക്കാതെ ഗുഡ്ബൈ പറഞ്ഞിടത്താണ് കന്നിയങ്കത്തിൽ വിജയ്‌യുടെ പടയോട്ടം തുടരുന്നത്. ഇനി തമിഴ്നാട് രാഷ്ട്രീയത്തിൽ മുടി ചൂടാമന്നനായി തുടരുമോയെന്ന് അൽപ്പസമയത്തിനകം അറിയാം.

SCROLL FOR NEXT