

ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന നിർണായക വോട്ടെണ്ണൽ ദിനത്തിൽ തിരുപ്പതിയിൽ ക്ഷേത്ര ദർശനം നടത്തി നടി തൃഷ. തൻ്റെ 43ആം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് തൃഷ ക്ഷേത്ര ദർശനത്തിനെത്തിയതെന്നാണ് വിവരം. പക്ഷേ വിജയ്‌യ്ക്കും, തമിഴക വെട്രി കഴകത്തിനും നിർണായക ദിനമായ ഇന്ന് പ്രത്യേകം പ്രാർഥന നടത്താനാണ് നടി എത്തിയതെന്നാണ് റിപ്പോർട്ട്.
ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. തമിഴക വെട്രി കഴകത്തിൻ്റെ വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ വെങ്കിടേശ്വര സ്വാമിയുടെ മുന്നിലെത്തിയതെന്നാണ് ആരാധകരുടെ വാദം.
ടിവികെയുടെ പതാകയോട് സാമ്യമുള്ള കളറുള്ള ഷാൾ ധരിച്ചാണ് ഇവർ ദർശനത്തിനെത്തിയത്. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്ത വിരലിനൊപ്പം വിജയ്‌യുടെ സിനിമയിലെ പാട്ടാണ് തൃഷ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്. തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ വലിയ വിജയം നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലം.