തിരുവനന്തപുരം: 'നമ്മൾ തിരിച്ച് വരും...' കേരളവും യുഡിഎഫ് മുന്നണിയും ഈ വാക്കുകൾ മറക്കില്ല. 2021ലെ കനത്ത പരാജയത്തിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് പതറി നിന്ന യുഡിഎഫ് പ്രവർത്തകരോട് പ്രതിപക്ഷ നേതാവായി ചുമതലയേറ്റ് വി.ഡി. സതീശൻ പറഞ്ഞ വാക്കുകൾ.. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് രണ്ടാമതും അധികാരത്തില്‍ വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചത്. പാര്‍ട്ടിക്കുള്ളിലെ തലമുറ മാറ്റത്തിന്റെ ഭാഗമായ തീരുമാനം. പാർട്ടിയെ നയിക്കുക എന്നത് മാത്രമല്ല അണികളിൽ അണഞ്ഞു പോയ ആത്മവിശ്വാസം വീണ്ടെടുക്കുക എന്ന കർത്തവ്യവും സതീശനുണ്ടായിരുന്നു. അവിടെ നിന്ന് അയാൾ തുടങ്ങി.
ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ.. കേഡർ സ്വഭാവമുള്ള പാർട്ടിയെ നയിക്കുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല, കോൺഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യം അധികരിച്ചുപോയ പാർട്ടിയെ മുന്നോട്ട് നടത്തുക എന്നത്. ഓരോ ഘട്ടത്തിലും വിയോജിപ്പുകളുടെ, വിയോജിക്കുന്നവരുടെ നീണ്ട നിരയാകും മുന്നിൽ. വെട്ടിയും നിരത്തിയും സമവായം പിടിച്ചും പ്രതിരോധിച്ചും ഒഴിഞ്ഞുമാറിയും അതിസാഹസികമായ മുന്നേറ്റം... പടലപ്പിണക്കങ്ങളേയും, വാക്കു തർക്കങ്ങളേയും മറികടന്ന രാഷ്ട്രീയ തന്ത്രം... രാഷ്ട്രീയ എതിരാളികൾ പരിഹസിച്ച് തള്ളിയ ആത്മവിശ്വാസ പ്രകടനം...
100 സീറ്റുകൾ, പന്ത്രണ്ട് മന്ത്രിമാരുടെ തോൽവി, തുടങ്ങി സ്ഥാനാർഥി തർക്കത്തിന്റേയും മുഖ്യമന്ത്രി വിവാദത്തിന്റേയും ഇടയിൽ നിന്ന് സതീശൻ നടത്തിയ പ്രഖ്യാപനങ്ങളെ കൂടെ നിന്നവരടക്കം പുച്ഛിച്ച് തള്ളി. സൈബറിടങ്ങളിൽ അതുവച്ച് ട്രോൾമഴ... നുണേശനെന്ന വിളിപ്പേരിലൂടെ വന്നു ചേർന്ന അപമാനം വേറെയും...
പക്ഷെ തളർന്നില്ല. വി.ഡി. സതീശനെന്ന നേതാവിൻ്റെ രാഷ്ട്രീയ തന്ത്രങ്ങളും, പ്രതിപക്ഷ നേതാവിന്റെ ഉറക്കമൊഴിഞ്ഞ പ്രവർത്തനവും കേരളത്തിൽ കോൺഗ്രസിന് ജീവൻ പകർന്നു. പാലക്കാടും, നിലമ്പൂരും, പുതുപ്പള്ളിയിലും നടന്ന ഉപതെരഞ്ഞെടുപ്പുകൾ, തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ വാഗ്ദാനം നിറവേറും എന്നതിന്റെ വ്യക്തമായ സൂചന സതീശന്റെ നേതൃത്വം നൽകിയിരുന്നു.
അവിടെയും തീർന്നില്ല.. ആത്മവിശ്വാസത്തിൻ്റെ പരകോടിയിൽ നിന്ന് സതീശൻ വീണ്ടും നൽകി വാഗ്ദാനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ വിജയം, ഒരു ഡസൻ മന്ത്രിമാരുടെ തോൽവി ഉൾപ്പെടെ ഇടതിൻ്റെ പരാജയം. എന്തിന് ഇനി തോറ്റുപോയാൽ താൻ രാഷ്ട്രീയ വനവാസത്തിനെന്ന പ്രഖ്യാപനം വരെയെത്തി അത്. അവിശ്വാസത്തോടെ നോക്കിയവരെ അമ്പരപ്പിച്ച് അയാൾ ആ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റി.
രാഷ്ട്രീയ വനവാസം ആഘോഷിക്കാൻ കാത്തിരുന്നവരുടെ ഇടയിലൂടെ നടന്ന് കയറി. വാക്ക് പാലിച്ച നായകനായി. 102 സീറ്റുകൾ നേടി യുഡിഎഫ് കേരളത്തിൽ ചരിത്രവിജയം നേടി. കണ്ണൂരിലടക്കം ഇടത് കോട്ടകൾ തകർന്നടിഞ്ഞ യുഡിഎഫ് തരംഗം. കേരളം വിസ്മയങ്ങൾക്ക് സാക്ഷിയായി.
സതീശന്റെ രാഷ്ട്രീയ നിലപാടുകള്‍ എപ്പോഴും വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. അത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെയാണെങ്കിലും. വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരെ സതീശൻ പലപ്പോഴും സ്വീകരിച്ചത് യഥാർഥ ഇടതു സമീപനമായിരുന്നു എന്ന് പറഞ്ഞാൽ പോലും തെറ്റില്ല. ആരോപണങ്ങളും വിവാദങ്ങളും വാനോളം ഉയർന്നപ്പോഴും അയാൾ പതറിയില്ല. എപ്പോഴും ഭരണപക്ഷത്തിൻ്റെ പ്രധാന ടാര്‍ഗറ്റായിരുന്നിട്ടും ശക്തമായി പ്രതിരോധിച്ചു. നിയമസഭയിൽ അതികായനായ ഐസക്കിനെ മലര്‍ത്തിയടിച്ച ലോട്ടറി സംവാദത്തിലെ അതേ വാക്ചാതുരി സതീശൻ വീണ്ടും തുടർന്നു. സഭയിലും പുറത്തും.
1964 മെയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ ജനനം. കെഎസ്‌യുവിലൂടെ തുടക്കമിട്ട രാഷ്ട്രീയപ്രവേശനം, എം.ജി സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാൻ സ്ഥാനം തുടങ്ങി വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ മുഖമായി നിന്ന കാലം മുതൽ മുൻനിര പോരാളിയും നേതാവും. റോള്‍ മോഡല്‍ കോണ്‍ഗ്രസ് നേതാവായ ജി. കാര്‍ത്തികേയന്‍ ആയിരുന്നു.
പഠനം പൂർത്തിയാക്കി അഭിഭാഷകൻ ആയെങ്കിലും തെരഞ്ഞെടുത്തത് സജീവ രാഷ്ട്രീയം. മലയാളത്തില്‍ ഇന്നും ക്ലാസിക്ക് കള്‍ട്ടായി കണക്കാക്കുന്ന, ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം' സിനിമ തന്റെ രാഷ്ട്രീയജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സതീശൻ തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ സ്വാധീനമോ, അതോ അനുഭവങ്ങളോ അയാൾ യാഥാർഥ്യബോധമുള്ള നേതാവായി വളർന്നു.
2001 മുതൽ തുടർച്ചയായി ഇടത് ചായ്‌വുള്ള പറവൂർ മണ്ഡലത്തിൽ നിന്നും നിയമസഭാ സാമാജികനായി. കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ യുഡിഎഫ്- പ്രത്യേകിച്ചും കോൺഗ്രസ് ഏറെ പ്രതിസന്ധിയിലായ നാളുകളിൽ പാർട്ടിയെ നയിച്ച പോരാട്ടവീര്യം. അതാണ് കോൺഗ്രസിന് സതീശൻ. കേരളം കണ്ട കോൺഗ്രസിൻ്റെ കരുത്തനായ പ്രതിപക്ഷ നേതാവായിരുന്ന വടശേരി ദാമോദരൻ സതീശൻ എന്ന വി.ഡി. സതീശൻ ഇന്ന് കേരള രാഷ്ട്രീയത്തിൽ ഒന്നാമനാണ്. പാരമ്പര്യത്തണലിൽ അല്ലാതെ ഒറ്റയ്ക്ക് വഴിവെട്ടിവന്ന ദ റിയൽ ക്യാപ്റ്റൻ.
തിളക്കമാർന്ന വിജയം നേടി യുഡിഎഫ് ചരിത്രം കുറിച്ചപ്പോൾ, കാൽ നൂറ്റാണ്ടായി യുഡിഎഫിൻ്റെ ഉരുക്കു കോട്ടയായ പറവൂർ ഇത്തവണയും സതീശനെ ചേർത്ത് തന്നെ പിടിച്ചു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ 7,792 വോട്ടിന് തോല്‍പ്പിച്ചായിരുന്നു നിയമസഭയിലേക്കുള്ള വി. ഡി. സതീശൻ്റെ അരങ്ങേറ്റം. ആ വിജയം പറവൂരിൻ്റെ കൃത്യമായ രാഷ്ട്രീയ മാറ്റമായാണ് കേരള ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. ഇനി അത് മുഖ്യമന്ത്രിയുടെ മണ്ഡലമായി അറിയപ്പെടും.
2006ലും 2011ലും 2021ലും സതീശൻ വിജയം ആവർത്തിച്ചു. അങ്ങനെ പറവൂർ യുഡിഎഫിൻ്റെ കോട്ടയായി മാറി. സിപിഐയുടെ സമുന്നതനായ നേതാവ് പന്ന്യൻ രവീന്ദ്രൻ, മുൻ മുഖ്യമന്ത്രി പി.കെ.വിയുടെ മകൾ ശാരദാ മോഹൻ തുടങ്ങി പ്രമുഖരെ കൊണ്ടുവന്ന് നേരിട്ടെങ്കിലും ഫലം കണ്ടില്ല. മണ്ഡലത്തിലെ മത്സ്യബന്ധന മേഖലകൾ, തൊഴിലാളി കേന്ദ്രങ്ങൾ, വ്യാപാരികൾ, മധ്യവർഗ കുടുംബങ്ങൾ ഉൾനാടൻ പ്രദേശങ്ങൾ എന്നിവയ്ക്കിടയിൽ വിശ്വാസം നേടിയെടുക്കാനായതാകാം സതീശൻ്റെ ധൈര്യം.
പത്ത് വർഷം കയ്പമംഗലത്ത് എംഎൽഎ ആയിരുന്ന ടി.ടി. ടൈസൺ മാസ്റ്റർ ആയിരുന്നു ഇത്തവണ സതീശന് മുഖ്യ എതിരാളി. മണ്ഡലത്തിൽ സുപരിചിതനായ ടൈസൺ മാഷ് ഒരു ഘട്ടത്തിൽ സതീശന് വെല്ലുവിളി ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. സതീശനെ പറവൂർ കൈവിട്ടില്ല. അടുത്ത കാലം വരെ കോൺഗ്രസിൻ്റെ പ്രമുഖ നേതാവും വടക്കൻ പറവൂർ നഗരസഭാ മുൻ ചെയർപേഴ്‌സണുമായിരുന്ന വത്സല പ്രസന്നകുമാറാണ് എൻഡിഎ സ്ഥാനാർഥിയായി എത്തിയതെങ്കിലും സതീൻ്റെ ഉരുക്കുകോട്ടയിൽ വിള്ളൽ വീഴ്ത്താനായില്ല. ഇനി പറവൂരോ കോൺഗ്രസോ മാത്രമല്ല കേരളം എന്ന കോട്ട കാക്കാൻ ചുമതലയേൽക്കുകയാണ് വി.ഡി. സതീശൻ എന്ന നായകൻ.