Source: News Malayalam 24x7
ASSEMBLY ELECTION 2026

"ശ്രമിച്ചത് രാഷ്‌ട്രീയ വിമർശനം ഉയർത്താൻ"; രമേശ് പിഷാരടിക്കെതിരായ 'കോമാളി' പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചതല്ലെന്നും തോമസ് ഐസക്...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: രമേഷ് പിഷാരടിക്ക് എതിരായ 'കോമാളി' പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്. രാഷ്ട്രീയ വിമർശനം ഉയർത്താനാണ് ശ്രമിച്ചത്. കലാകാരനെ അപമാനിച്ചതല്ല, അഭിനയത്തെ വിലകുറച്ച് കാണുന്നില്ല. വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചതല്ലെന്നും തോമസ് ഐസക് പറഞ്ഞു. പലസ്തീൻ വിഷയത്തിലെ പരാമർശം സംബന്ധിച്ച രമേശ് പിഷാരടിയുടെ രാഷ്ട്രീയമാണ് താൻ പറഞ്ഞത്. പാലക്കാട് കോൺഗ്രസിനെ വിജയിപ്പിക്കാൻ സിപിഐഎം അച്ചാരം വാങ്ങിയിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം, തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചിട്ടും രമേശ് പിഷാരടിയെ കടന്നാക്രമിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു രംഗത്തെത്തി. പശ്ചിമേഷ്യൻ സംഘർഷത്തിലെ പ്രതികരണം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

തോമസ് ഐസകിൻ്റെ വിവാദ പരാമർശത്തിൽ നേരത്തെ രമേശ് പിഷാരടി മറുപടി പറഞ്ഞിരുന്നു. സമരം ചെയ്ത് കിട്ടുന്നതല്ല സംസ്കാരം എന്നും കലാകാരന്മാർ എന്നാണ് സിപിഐഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും പിഷാരടി ചോദിച്ചു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിഷാരടിക്ക് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

കഴിഞ്ഞ ദിവസമായിരുന്നു തോമസ് ഐസകിൻ്റെ വിവാദ പ്രസ്താവന. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടിയില്ലെന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

SCROLL FOR NEXT