Source: X
ASSEMBLY ELECTION 2026

ഒടുവിൽ കേവല ഭൂരിപക്ഷത്തിലേക്ക് ടിവികെ; ഇടതു പാർട്ടികൾ പിന്തുണയറിയിച്ചു

ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്തും സിപിഐ ടിവികെയ്ക്ക് കൈമാറി

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട്ടിൽ നാടകീയ സംഭവങ്ങൾക്ക് വിരാമമിട്ട് സർക്കാർ രൂപീകരിക്കുവാനുള്ള കേവല ഭൂരിപക്ഷത്തിലേക്ക് ടിവികെ. ഇടതു പാർട്ടികളായ സിപിഐയും സിപിഐഎമ്മും ഇതിനകം പിന്തുണയറിച്ചു കഴിഞ്ഞു. വിസികെയും ഉടൻ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് വിവരം. ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി ചെന്നൈയിലെ സിപിഐ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പിന്തുണ നൽകാൻ തീരുമാനമായത്.

ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്തും സിപിഐ ടിവികെയ്ക്ക് കൈമാറി. നാലരയ്ക്ക് സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനവും വിളിച്ചു ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎമ്മും പിന്തുണയറിയിച്ചത്. വിസികെ ഉടൻ തന്നെ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഭരണ അസ്ഥിരത ഉണ്ടാകാതിരിക്കാനും എൻഡിഎ സഖ്യം അധികാരത്തിൽ വരാതിരിക്കാനുമാണ് തീരുമാനമെന്നും ഇടതു പാർട്ടികൾ അറിയിച്ചു. ടിവികെ വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനവും ഇടത് കക്ഷികൾ വേണ്ടെന്ന് വച്ചു.

ഇന്ന് മൂന്നാം തവണയും സർക്കാർ രൂപീകരിക്കുന്നതിനായി ടിവികെ ഗവർണറെ സന്ദർശിക്കാനിരിക്കെയാണ് ഇടതു പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചത്. സർക്കാർ രൂപീകരിക്കുന്നതിനായി രണ്ടു വട്ടം അനുമതി തേടി ഗവർണറെ സമീപിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതു മൂലം ഗവർണർ അനുമതി നിഷേധിച്ചിരുന്നു.

SCROLL FOR NEXT