

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ ടിവികെയിലെ 107 എംഎൽഎമാരും രാജിവയ്ക്കുമെന്ന മുന്നറിയിപ്പുമായി തമിഴക വെട്രി കഴകം. ഡിഎംകെ., എഐഎഡിഎംകെ ക്യാംപുകളിൽ നടന്ന നിർണായക യോഗങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ജനകീയ വോട്ട് നേടി വിജയിച്ച പാർട്ടിയെ ഒഴിവാക്കി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഇരു പാർട്ടികളും ഒത്തുകളിക്കുന്നതായാണ് ടിവികെയുടെ ആരോപണം.
ഭൂരിപക്ഷമായ 118 സീറ്റുകൾ തികയ്ക്കാതെ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകില്ലെന്ന് ഗവർണർ ആർ.വി. അർലേക്കർ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷം കൈവരിക്കുന്നതിനായി വിജയ് അവതരിപ്പിച്ച പദ്ധതിയും അദ്ദേഹം അംഗീകരിച്ചില്ല. ഭൂരിപക്ഷം നേടാൻ ടിവികെയ്ക്ക് 10 സീറ്റുകൾ കൂടി ആവശ്യമാണ്, അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസിന്റെ പിന്തുണ ഇതിനകം തന്നെ അവർക്കുണ്ട്. ബാക്കി സീറ്റുകൾക്കായി ഇടതുപക്ഷവുമായും ചില ചെറിയ പാർട്ടികളുമായും ചർച്ചകൾ നടക്കുന്നുണ്ട്. പാർട്ടി കോടതിയെ സമീപിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ഡിഎംകെ-എഐഡിഎംകെ സഖ്യ ചർച്ചകൾ നടക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും പിന്നീട് ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാത്തതിൽ ഡിഎംകെ അടക്കമുള്ള പാർട്ടികൾ പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെ ഇടതു പാർട്ടികളും വിസികെയും സ്റ്റാലിൻ്റെ അനുമതിയോടെ തന്നെ ടിവികെയ്ക്ക് പിന്തുണ നൽകുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
ഇന്ന് രാവിലെ ചേർന്ന ഡിഎംകെ യോഗത്തിൽ വീണ്ടും ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കുക, സ്ഥിരതയുള്ള ഒരു സർക്കാർ സ്ഥാപിക്കുക, വർഗീയ ശക്തികൾക്ക് ഇടം നൽകാതിരിക്കുക എന്നിവയാണ് പ്രാഥമിക ലക്ഷ്യമെന്ന് ഡിഎംകെ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷക്കുറവിനെ "സങ്കീർണ്ണമായ പ്രതിസന്ധി" എന്ന് വിശേഷിപ്പിച്ച ഡിഎംകെ തങ്ങളുടെ എല്ലാ എംഎൽഎമാരോടും മെയ് 10 വരെ ചെന്നൈയിൽ തന്നെ തുടരുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.