കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥികൾ അവരുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്. പറവൂരിലെ യുഡിഎഫ് സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന് ബാങ്ക് നിക്ഷേപവും സ്വർണവും ഉൾപ്പെടെ 53,82,286 രൂപയുടെയും ഭാര്യ ലക്ഷ്മി പ്രിയയുടെ പേരിൽ 68,45,474 രൂപയുടെയും നിക്ഷേപമുണ്ടെന്നാണ് സത്യവാങ്മൂലം. ഇതിനു പുറമെ 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വർണവും സതീശന് ഉണ്ട്.
ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണവും മകളുടെ പേരിൽ 9,61,000 രൂപയുടെ കാറും ഉണ്ട്. വീടും സ്ഥലങ്ങളും ഉൾപ്പെടെ 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കളാണുള്ളത്. ആസ്തിക്കു പുറമെ 24,00,635 രൂപയുടെ കടബാധ്യതയുമുണ്ട് വി.ഡി സതീശന്. അതേ സമയം ഭാര്യയുടെ പേരിൽ 17,45,000 രൂപയുടെ ബാധ്യതയാണുള്ളത്. വിവിധ കോടതികളിലായി 18 കേസുകളാണ് സതീശൻ്റെ പേരിലുള്ളത്.
മാത്യു കുഴൽനാടൻ, എൻ.അരുൺ കുമാർ, സാബു ജേക്കബ് മനോജ് മൂത്തേടൻ, തുടങ്ങിയ എറണാകുളം ജില്ലയിലെ മറ്റ് സ്ഥാനാർഥികളും സത്യവാങ്മൂലം സമർപ്പിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ്റെ ആകെ സ്വത്ത് മൂല്യം 35.49 കോടി രൂപയാണ്. ഭാര്യയുടെ പേരിൽ 4.3 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. മാത്യു കുഴൽനാടൻ്റെ പേരിൽ 19,60,15,712 രൂപയുടെ ജംഗമ വസ്തുക്കളും ഭാര്യയുടെ പേരിൽ 2,74,22,399 രൂപയുടെ ജംഗമ വസ്തുക്കളും ഉണ്ട്.