തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധിക്ഷേപ പരാമർശം പിൻവലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പോ മോനെ വിജയാ എന്ന പരാമർശം പിൻവലിക്കണം. തെലങ്കാന മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ മര്യാദയില്ലാത്ത പരാമർശമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു. എന്നാൽ, പരാമർശത്തോടെ എൽഡിഎഫിന്റെ അന്തസ് വർധിച്ചു. കോൺഗ്രസിന്റെ നിലവാരം ബോധ്യപ്പെട്ടു. മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യന് നേരെ തുപ്പുന്നത് പോലെയെന്നും ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം നേമത്ത് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥനോടൊപ്പം നടത്തിയ റോഡ് ഷോക്കിടെയായിരുന്നു രേവന്ത് റെഡിയുടെ പ്രതികരണം.
നേമം മണ്ഡലത്തിൽ സംശയാസ്പദമായി വന്ന ബോക്സുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. മണ്ഡലത്തിൽ യുപി രജിസ്ട്രേഷൻ വാഹനങ്ങൾ ധാരാളമായി വന്നു പോകുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു. നാല് ബോക്സുകൾ റെയിൽവേ മെയിൽ സർവീസ് വഴി വന്നു. കൊണ്ടുവന്ന വാഹനത്തിന്റെ നമ്പർ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും കൈമാറി. ബോക്സുകൾ വന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശിവൻകുട്ടി പറഞ്ഞു.