തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ആവർത്തിച്ച് വി.ഡി. സതീശൻ. പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിൽ നിന്ന് കോടികൾ കടമെടുത്ത് പ്രചാരണം നടത്തുകയാണ്. സീരിയലിൽ ഉള്ളവർ പോലും വന്ന് സർക്കാരിനെ പറ്റി പറയുന്നു എന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ എന്താണ് പറയുന്നത് പോലും അറിയില്ല. ഭാഷാ പണ്ഡിതനുള്ള അവാർഡ് അദ്ദേഹത്തിന് കൊടുക്കണം. എത്ര നല്ല വാക്കുകളാണ് അദ്ദേഹം മലയാളത്തിനു സംഭാവന ചെയ്തത്. അത് കേട്ടിട്ട് മര്യാദക്ക് വർത്തമാനം പറഞ്ഞിരുന്ന തോമസ് ഐസക് പോലും അങ്ങനെ ആയി. സിപിഐഎമ്മിൽ ഉള്ളത് വിധേയന്മാരാണ് എന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഈ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുകയാണ്. സകലരംഗത്തും പരാജയപ്പെട്ട സർക്കാർ ആണ്. അവിടെ നിന്നെല്ലാം നമ്മൾ കേരളത്തെ കൈപിടിച്ചു എഴുന്നേൽപ്പിക്കും. ഇത് അധികാര കൈമാറ്റം മാത്രമല്ല, കേരളത്തിൻ്റെ മാറ്റത്തിനുള്ള തുടക്കം. തോറ്റുപോകുമെന്ന് മനസിലായപ്പോൾ അവർ ബോർഡുകൾ വച്ചു പ്രചാരണം നടത്തുന്നു എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
1977ൽ ആർഎസ്എസിൻ്റെ പിന്തുണയോടെയാണ് പിണറായി എംഎൽഎയായി ജയിച്ചു വന്നത്. ചില സമയത്ത് ആർഎസ്എസിനെ എതിർത്തിട്ടുണ്ട് ചിലപ്പോൾ കൂട്ടുകൂടിയിട്ടിട്ടുണ്ട് എന്ന് പറയുന്ന പിണറായിയുടെ വീഡിയോ കൈയിൽ ഉണ്ട്. പിണറായി അല്ലാതെ ആരെങ്കിലും രാഹുൽഗാന്ധി നയിക്കുന്ന കോൺഗ്രസ് ബിജെപി യുടെ ബി ടീം ആണെന്ന് പറയുമോ. പിണറായി വിജയൻ്റെ മകന് കിട്ടിയ കത്ത് എവിടെ പോയെന്ന് അറിയില്ല. ഇങ്ങോട്ട് സഹായിച്ചാൽ അങ്ങോട്ടും സഹായിക്കും. കേരളം വർഗീയവൽക്കരിക്കാൻ യുഡിഎഫ് സമ്മതിക്കില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.
നാലു വോട്ടിനു വേണ്ടി എന്തു നിലപാടും സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷ പ്രീണനമാണ് അദ്ദേഹം നടത്തുന്നത്. ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തത് പാർട്ടി സെക്രട്ടറിയാണ്. എന്നിട്ട് ഒരു ബന്ധവുമില്ല എന്ന നുണ പറഞ്ഞത് പിണറായി വിജയൻ ആണ്. നാലു വോട്ടിനുവേണ്ടി നിലപാട് ശബരിമലയിൽ പറഞ്ഞല്ലോ? പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വീട്ടിലും കയറി മാപ്പ് ചോദിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മുകാർക്ക് എതിരെ നടപടി സ്വീകരിച്ചോ എന്നും സതീശൻ ചോദിച്ചു. എന്നിട്ട് ഇപ്പോൾ രാഹുൽഗാന്ധിയെ കുറ്റം പറയുകയാണ് എന്നും ബിജെപി എല്ലാ ആഴ്ചയും തൻ്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തുന്നു എന്നും സതീശൻ ചൂണ്ടിക്കാട്ടി.
മനോരമ ന്യൂസിന് നൽകിയ അഭിമുഖം പൊലീസ് നിർദേശം നൽകിയിതിനാലാണ് മെറ്റ നീക്കം ചെയ്തത്. പൊലീസിന് അതിൽ എന്ത് അവകാശമാണുള്ളത്. രാഷ്ട്രീയ കാര്യങ്ങൾ ചോദിച്ചതിനുള്ള മറുപടിയാണ് താൻ നൽകിയത്. ഭയമാണ് ഏകാധിപതികളെ നയിക്കുന്നത്. പിണറായി വിജയനും ഭയമാണ്. പ്രതിപക്ഷ നേതാവിൻ്റെ അഭിമുഖത്തെ വരയെും ഭയക്കുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നരേന്ദ്രമോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.