വി.ഡി. സതീശൻ 
ASSEMBLY ELECTION 2026

വോട്ടർമാരെ സ്വാധീനിക്കാൻ പണവും കിറ്റുകളും സാരിയും വിതരണം ചെയ്യുന്നു; ബിജെപിയുടേത് ഹീനമായ രാഷ്ട്രീയ പ്രചാരണമെന്ന് വി.ഡി. സതീശൻ

ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്ന് സണ്ണി ജോസഫ്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണവും കിറ്റുകളും സാരിയും വിതരണം ചെയ്യുന്ന ബിജെപിയുടെ നടപടിയെ അപലപിച്ച് വി.ഡി. സതീശൻ. ബിജെപിയുടേത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. മറ്റ് പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടിൽ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവർത്തകർ വീടുകയറി സാരി നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു.

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍ കര്‍ശന നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വ്യാജ രേഖകള്‍ സൃഷ്ടിക്കുന്ന സിപിഐഎമ്മും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ബിജെപിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണെന്നും പരാജയഭീതി കാരണമാണ് ഇരുപാര്‍ട്ടികളും ഇത്തരം നടപടികളുമായി രംഗത്ത് വരുന്നതെന്നും ഇതിനുള്ള മറുപടി ജനങ്ങൾ ബാലറ്റിലൂടെ നൽകുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

SCROLL FOR NEXT