ASSEMBLY ELECTION 2026

ഇന്ത്യയിൽ ഒരുപാട് കരിമ്പിൻ തോട്ടങ്ങൾ ഉള്ളപ്പോൾ കേരളത്തിൽ കറുകപ്പുല്ല് തിന്നാൻ അദ്ദേഹം വരുമോ? കെസിയെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളിയുടെ മറുകണ്ടം ചാടൽ

ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന കെസി അതികായനാണെന്നും വെള്ളാപ്പള്ളി

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിനെ വാനോളം വാഴ്ത്തി എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യയിൽ ഒരുപാട് കരിമ്പിൻ തോട്ടങ്ങൾ ഉള്ളപ്പോൾ കേരളത്തിൽ കറുകപ്പുല്ല് തിന്നാൻ അദ്ദേഹം വരുമോ എന്നാണ് വെള്ളാപ്പള്ളി ചോദിച്ചത്. തെരഞ്ഞടുപ്പ് ഫലം വരുന്നതിന് തൊട്ടു മുൻപ് വരെ പിണറായിക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിച്ചിരുന്നത്. എന്നാൽ മണിക്കൂറുകൾ കൊണ്ടാണ് മറുകണ്ടം ചാടി കോൺഗ്രസ് നേതാക്കളോട് അസാധാരണമായ സ്നേഹം പ്രകടപ്പിച്ചത്.

തന്ത്രപൂർവം വിഡിയെയും കെസിയെയും ആർസിയെയും പ്രശംസിച്ച വെള്ളാപ്പള്ളി നടേശൻ വാനോളം പുകഴ്ത്തിയത് കെസിയെ തന്നെയാണ്.യുഡിഎഫിൻ്റെ വിജയശിൽപ്പി കെസി വേണുഗോപാലാണെന്നും ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന കെസി അതികായനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് താനും ഒരു കാരണമായെന്ന ആരോപണത്തെ വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു. അത്തരം ആരോപണം ഉയർത്തുന്നത് പിണറായി വിരുദ്ധരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രമേശ് ചെന്നിത്തലയേയും അദ്ദേഹം പുകഴ്ത്തി. 'രമേശ് ചെന്നിത്തല ഏറ്റവും സീനിയറാണ്. പ്രവർത്തന പരിചയമുള്ള, എല്ലാവരേയും ഒരുപോലെ യോജിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെപോലുള്ള നല്ലവർ ലീഗിലുണ്ട്. ജാതിയും മതവും നോക്കാതെ ആളുകൾ വോട്ട് ചെയ്തതുകൊണ്ടാണ് ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം കിട്ടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല, അത് അവർ പോലും പ്രതീക്ഷിച്ചില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ യുഡിഎഫ് നൂറ് സീറ്റ് തികച്ചാൽ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നും വെള്ളാപ്പള്ളി പിന്നോട്ടടിച്ചു. "അങ്ങനെ പലരും പലതും പറഞ്ഞിട്ടുണ്ടാകും, എസ്എൻഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ അത്ര മണ്ടനല്ല ഞാന്‍" എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

SCROLL FOR NEXT