ASSEMBLY ELECTION 2026

"തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് വിജയ്‌ എന്നും പറയും, അവനിൽ സംശയത്തിന്റെ ഒരു കണിക പോലുമുണ്ടായില്ല"; പിതാവ് എസ്.എ. ചന്ദ്രശേഖർ

അദ്ദേഹത്തിന്റെ ഈ മുന്നേറ്റത്തിൽ സന്തോഷമുണ്ടെന്ന് വിജയ്‌യുടെ മാതാപിതാക്കൾ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയും വിജയ്‌യും വൻ മുന്നേറ്റം നടത്തുകയാണ്. അദ്ദേഹത്തിന്റെ ഈ മുന്നേറ്റത്തിൽ സന്തോഷമുണ്ടെന്ന് വിജയ്‌യുടെ മാതാപിതാക്കൾ പറഞ്ഞു. മകന്റെ വിജയത്തിൽ അതീവ സന്തുഷ്ടയാണെന്ന് ശോഭ ചന്ദ്രശേഖർ പ്രതികരിച്ചപ്പോൾ, ഇതൊരു ചരിത്ര വിജയമാണെന്ന് പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ പറഞ്ഞു.

ഒരു പിതാവെന്ന നിലയിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി അവന്റെ ആത്മവിശ്വാസം നേരിട്ട് കണ്ടവരാണ് ഞങ്ങൾ. താൻ തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് അവൻ എന്നും പറയുമായിരുന്നു. പ്രചാരണ വേളയിൽ പോലും അവനിൽ സംശയത്തിന്റെ ഒരു കണിക പോലുമുണ്ടായില്ല. അത്രയും ആത്മവിശ്വാസത്തിലാണ് അവൻ മുന്നോട്ട് പോയത്. എന്റെ സ്വന്തം കാലിൽ നിൽക്കുമെന്നും ഒരു സഖ്യവുമുണ്ടാകില്ലെന്നും വിജയ് തന്നോട് പറഞ്ഞിട്ടുണ്ട്. അതിനാൽ, ഇത് തമിഴ്‌നാടിനും നാട്ടുകാർക്കും ഇത് നല്ലകാര്യമാണ്. ഇത് ഒരു ചരിത്ര വിജയമാണ്, എസ്.എ. ചന്ദ്രശേഖർ പറഞ്ഞു.

തമിഴ് ജനതയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വിജയ് ഒരുപാട് വർഷമായി പറയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അത് അവന്റെ മനസിൽ ഉണ്ടായിരുന്നു. പതുക്കെ അവൻ അത് നേടി. ഇപ്പോൾ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ പോകുകയാണെന്നും ചന്ദ്രശേഖർ പറഞ്ഞു. ഒരു നേതാവെന്ന നിലയിൽ മാത്രമല്ല തമിഴ് ജനത വിജയിയെ സ്നേഹിച്ചത്. വിജയ് അവർക്ക് സ്വന്തം മകനും സഹോദരനുമെല്ലാമാണെന്നും എസ്.എ. ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT