മലമ്പുഴ: ഇടത്-വലത് മുന്നണികൾക്കായി വിഎസിൻ്റെ മുന്‍ സ്റ്റാഫുകൾ ഏറ്റുമുട്ടുന്ന മണ്ഡലമാണ് മലമ്പുഴ. വിഎസിൻ്റെ പിൻഗാമിയായി കഴിഞ്ഞതവണ വിജയിച്ച എ. പ്രഭാകരനെയാണ് ഇത്തവണയും എൽഡിഎഫ് പോരാട്ടത്തിനിറക്കിയത്. സിപിഐഎം പുറത്താക്കിയ വി.എസിൻ്റെ മുൻ സ്റ്റാഫ് എ. സുരേഷിനെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. അതേസമയം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ വലിയ വിജയ പ്രതീക്ഷയിലാണ്.
മണ്ഡലം രൂപീകരിച്ചതു മുതൽ എൽഡിഎഫ് സ്ഥാനാർഥികളാണ് മലമ്പുഴയിൽ വിജയിച്ചിട്ടുള്ളത്. ഇ.കെ. നായനാരും ടി. ശിവദാസമേനോനും വി.എസ്. അച്യുതാനന്ദനും മലമ്പുഴയിൽ നിന്നും വിജയിച്ചവരാണ്. നായനാരും വി.എസും മുഖ്യമന്ത്രിമാരായതോടെ മലമ്പുഴ വിഐപി മണ്ഡലമായി. അഞ്ച് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തിനെ മാത്രമാണ് മലമ്പുഴ ചേർത്തുപിടിച്ചത്.
നാല് തവണ മലമ്പുഴയിൽ നിന്ന് വിജയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വി.എസിൻ്റെ പിൻഗാമിയായാണ് എ. പ്രഭാകരൻ മത്സരിച്ചത്. വി.എസിൻ്റെ കാലത്ത് മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിയിരുന്നത് എ. പ്രഭാകരനായിരുന്നു. 25,734 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ പ്രഭാകരൻ വിജയിച്ചത്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് എ. പ്രഭാകരൻ്റെ പ്രചാരണം.
മണ്ഡലത്തിൽ എൽഡിഎഫിൻ്റെ അവസാനഘട്ട പ്രചാരണമാണ് നടക്കുന്നത്. വോട്ടർമാരെ നേരിൽ കാണാൻ എൽഡിഎഫ് സ്ഥാനാർഥി എ. പ്രഭാകരൻ എത്തുമ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വി.എസിൻ്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് ആണ് യുഡിഎഫ് സ്ഥാനാർഥി. സിപിഐഎം പുറത്താക്കിയ സുരേഷിനെ അപ്രതീക്ഷിത സ്ഥാനാർഥിയാക്കിയാണ് യുഡിഎഫ് കളം പിടിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ കോൺഗ്രസ് സുരേഷിലൂടെ വിജയിക്കാമെന്ന പ്രതീക്ഷയിലാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് മലമ്പുഴ. ഓരോ തവണയും വോട്ട് വിഹിതം ഉയർത്തിയ ബിജെപി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ തന്നെയാണ് ഉത്തവണയും മത്സരിക്കുന്നത്.