ASSEMBLY ELECTION 2026

പേരാമ്പ്രയിൽ നിർണായക പോരാട്ടം; ഇടതുകോട്ടയിൽ വിള്ളൽ വീഴുമോ?

ഇത്തവണ പേരാമ്പ്രയിലെ ജനങ്ങൾ വിധിയെഴുതുക യുവത്വത്തിൻ്റെ ഊർജം കൈമുതലാക്കിയ ഫാത്തിമ തഹ്‌ലിയയ്ക്കും രാഷ്ട്രീയം അനുഭവസമ്പത്താക്കി നാലാം അങ്കത്തിന് ഇറങ്ങുന്ന ടി.പി. രാമകൃഷ്ണനും വേണ്ടിയാണ്.

Author : പ്രിയ പ്രകാശന്‍

ഇടതുപക്ഷത്തിൻ്റെ മലബാറിലെ കരുത്തുറ്റ ചെങ്കോട്ടകളിൽ ഒന്നാണ് പേരാമ്പ്ര. ദേശീയ പ്രസ്ഥാനത്തിൻ്റെയും കർഷക, ഭൂസമരങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണാണ് പേരാമ്പ്രയിലേത്. ഇത്തവണ പേരാമ്പ്രയിലെ ജനങ്ങൾ വിധിയെഴുതുക യുവത്വത്തിൻ്റെ ഊർജം കൈമുതലാക്കിയ ഫാത്തിമ തഹ്‌ലിയയ്ക്കും രാഷ്ട്രീയം അനുഭവസമ്പത്താക്കി നാലാം അങ്കത്തിന് ഇറങ്ങുന്ന ടി.പി. രാമകൃഷ്ണനും വേണ്ടിയാണ്.

പഞ്ചായത്തുകൾ

പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ, നൊച്ചാട്, ചെറുവണ്ണൂർ, മേപ്പയ്യൂർ, കീഴരിയൂർ, അരിക്കുളം, തുറയൂർ എന്നിങ്ങനെ പത്ത് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. മണ്ഡലത്തിൽ ഉൾപ്പെടുന്നത്.

1970 ൽ കെ.ജി. അടിയോടിയും, 77ൽ കെ.സി. ജോസഫുമാണ് മണ്ഡലത്തിൽ നിന്നും വിജയിച്ച യുഡിഎഫ് എംഎൽഎമാർ. ബാക്കിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനെ ജയിപ്പിച്ച ചരിത്രമാണ് പേരാമ്പ്രയ്ക്ക് ഉള്ളത്.

കോട്ടയിൽ വിള്ളൽ വീഴ്ത്തുമോ തഹ്‌ലിയ?

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനകീയ മുഖമായി മാറാൻ ഫാത്തിമ തഹ്‌ലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ വലിയ ചലനമാണ് മണ്ഡലത്തിൽ പ്രകടമാകുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലുമുള്ള തഹ്‌ലിയയുടെ സ്വാധീനം വോട്ടായി മാറുമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ. ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് ഉൾപ്പെടെ ഫാത്തിമ തഹ്‌ലിയയുടെ ഇടപെടലുകൾ ചർച്ച വിഷയമായി മാറിയിട്ടുണ്ട്.

1996ൽ ഖമറുന്നിസ അൻവർ ലീഗ് സ്ഥാനാർഥിയായി മത്സരിച്ചു. പിന്നീട് 25 വർഷങ്ങൾക്ക് ശേഷം 2021ൽ നൂർബിന റഷീദ് ലീഗ് സ്ഥാനാർഥിയായി ജനവിധി തേടി. എന്നാൽ ഇരുവരും സഭയയിലെത്താതെ മടങ്ങി. ഇത്തവണ രണ്ടും കൽപ്പിച്ച് മത്സരത്തിന് ഇറങ്ങുമ്പോൾ ഫാത്തിമ തഹ്‌ലിയയ്ക്ക് വിജയിക്കാനായാൽ ലീഗിനെ സംബന്ധിച്ച് അത് ചരിത്രമാകും.

നാലാം അങ്കത്തിന് ടി.പി. രാമകൃഷ്ണൻ

പേരാമ്പ്രയിൽ നിന്ന് മൂന്ന് തവണ ജയിച്ച് സഭയിലെത്തിയ വ്യക്തിയാണ് ടി.പി. രാമകൃഷ്ണൻ. ഒന്നാം പിണറായി സർക്കാരിലെ സംസ്ഥാന എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി കൂടിയായിരുന്നു. ടേം വ്യവസ്ഥയിൽ ഇളവ് വരുത്തിയതും രാമകൃഷ്ണൻ്റെ സ്ഥാനാർഥിത്വത്തിന് ഗുണം ചെയ്തു.

നഗരത്തിൻ്റെ ഗതാതഗക്കുരുക്ക് അഴിച്ച പേരാമ്പ്ര ബൈപാസ് മുതൽ മേപ്പയ്യൂരിലെ സിന്തറ്റിക് ട്രാക്ക് വരെ ഒട്ടേറെ പദ്ധതികൾ ജനങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞു എന്നത് പ്രധാന വികസന നേട്ടങ്ങളാണ്. ഇവ ഉയർത്തി കാട്ടിയാണ് രാമകൃഷ്ണൻ ഇത്തവണ ജനവിധി തേടുന്നത്. അര നൂറ്റാണ്ടിലേറെയായി പേരാമ്പ്രയിലെ ജനങ്ങൾക്കൊപ്പം തുടരുന്ന രാമകൃഷ്ണനെ പേരാമ്പ്രക്കാർ ഇത്തവണയും സഭയിലെത്തിക്കുമോ എന്ന് കാണാം.

മൂന്നാം ശക്തി നിർണായകമാകുമോ?

എൻഡിഎ മുന്നണിക്ക് വേണ്ടി എം. മോഹനൻ മാസ്റ്ററാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തവണ എൻഡിഎ നേടിയ വോട്ട് വിഹിതത്തിൽ വലിയ വർധന ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ബിജെപി പിടിക്കുന്ന വോട്ടുകൾ ആർക്ക് വിനയാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയാണെങ്കിലും ഫാത്തിമ തഹ്‌ലിയയുടെ വരവ് പേരാമ്പ്രയിലെ ജനങ്ങൾക്കിടയിൽ എന്തു മാറ്റമാണ് ഉണ്ടാക്കിയെന്നത് കണ്ടറിയണം. കോട്ടയിൽ ഇളക്കം തട്ടുമോ എന്നും, ചരിത്രം തിരുത്തി കുറിക്കപ്പെടുമോ എന്ന് ഏപ്രിൽ 9-ന് പേരാമ്പ്രയിലെ വോട്ടർമാർ വിധിയെഴുതും.

SCROLL FOR NEXT