പത്തുവര്‍ഷത്തിനിടെ ഒരു വികസിത രാജ്യവുമായി ഇന്ത്യ ഒപ്പുവെയ്ക്കുന്ന ആദ്യത്തെ ഉഭയകക്ഷി വ്യാപാര കരാറാണ് ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ വാണിജ്യമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യമന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സും ആണ് കരാറില്‍ ഒപ്പുവെച്ചത്. 2030 ഓടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരമൂല്യം 120 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാര്‍.
വ്യാപര കരാറോടെ, ഇന്ത്യയില്‍ ബ്രിട്ടീഷ് നിര്‍മിത ആഡംബര കാറുകളുടെ വില കുത്തനെ കുറയും. യുകെ നിര്‍മിത കാറുകളുടെ തീരുവ ക്വാട്ട സമ്പ്രദായത്തില്‍ 10 ശതമാനമായി ആയി കുറയും എന്നതാണ് സവിശേഷത.
എന്നാല്‍, ക്വാട്ട സമ്പ്രദായത്തിലാണെന്നതിനാല്‍ ഈ കുറഞ്ഞ നികുതി ഒരു നിശ്ചിത എണ്ണം കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ. ഇത്ര എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഏതൊക്കെ കാറുകള്‍ക്ക് വില കുറയും?
ലോകത്തിലെ പ്രശസ്തമായ ആഡംബര കാറുകള്‍ പലതും എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അള്‍ട്രാ ലക്ഷ്വറി കാറുകളോടുള്ള ഇന്ത്യൻ സമ്പന്നരുടെ പ്രിയം കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ കരാറോടെ, ആഡംബര കാറുകളുടെ വില്‍പന ഇനിയും കൂടും.
ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, ആസ്റ്റണ്‍ മാര്‍ട്ടിന്‍, മിനി തുടങ്ങിയ ജനപ്രിയ ആഡംബര കാറുകളെല്ലാം ബ്രിട്ടനില്‍ നിന്നുള്ളതാണ്. ഈ കാറുകളെല്ലാം ഇന്ത്യയിലേക്ക് എത്തുന്നത് CBU ( കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റ്) ആയാണ്. അതായത് ഇറക്കുമതി ചെയ്യുമ്പോള്‍ തന്നെ പൂര്‍ണമായും അസംബിള്‍ ചെയ്താണ് വരുന്നത്. ഇതാണ് വലിയ ഇറക്കുമതി തീരുവയ്ക്ക് കാരണം.
ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ, തീരുവ പത്ത് ശതമാനമായി കുറയും. ക്വാട്ട സമ്പ്രദായത്തില്‍ നിശ്ചിത എണ്ണത്തിന് മാത്രമായിരിക്കും ഇത് ബാധകമെന്നതാണ് ശ്രദ്ധേയം.