
ന്യൂഡല്‍ഹി: ഇന്ത്യയും ബ്രിട്ടണും സ്വതന്ത്ര വ്യാപാരത്തിനുള്ള കരാറില്‍ ഒപ്പുവെച്ചു. മൂന്ന് വര്‍ഷത്തിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ഥ്യമായത്. ഇന്ത്യയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് കരാര്‍. ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന കരാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ വ്യക്തമാക്കി.
പത്തുവര്‍ഷത്തിനിടെ ഒരു വികസിത രാജ്യവുമായി ഇന്ത്യ ഒപ്പുവെയ്ക്കുന്ന ആദ്യത്തെ ഉഭയകക്ഷി വ്യാപാര കരാറാണ് ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍. മൂന്ന് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് കരാറില്‍ ധാരണയായത്. ചെക്കേഴ്‌സ് എസ്റ്റേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ വാണിജ്യമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യമന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സും ആണ് കരാറില്‍ ഒപ്പുവെച്ചത്. 2030 ഓടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരമൂല്യം 120 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാര്‍.
ഇത് വെറുമൊരു സാമ്പത്തിക കരാര്‍ മാത്രമല്ലെന്നും ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള പദ്ധതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലെ യുവാക്കള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരും സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളുമാണ് കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം തുണിത്തരങ്ങളും, പാദരക്ഷകളും, ഇലക്ട്രിക് - ഹൈബ്രിഡ് വാഹനങ്ങളും, ഭക്ഷ്യോത്പന്നങ്ങളുമടക്കം, 99 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ യുകെ വിപണിയില്‍ ഡ്യൂട്ടി ഫ്രീയാകും. ബ്രിട്ടനിലെ ഇന്ത്യക്കാരായ പ്രൊഫഷണലുകളെ മൂന്ന് വര്‍ഷം വരെ സാമൂഹികസുരക്ഷാ സംഭാവനകളില്‍ നിന്ന് ഒഴിവാക്കുന്നതും ഇതിലുള്‍പ്പെടുന്നു. യുകെയിലെ ആയിരത്തിലധികം ഇന്ത്യന്‍ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും കൂടി ഗുണകരമായ ഇളവുകളാണിത്.
ഇന്ത്യയുടെ ആറാമത്തെ വലിയ വിദേശ നിക്ഷേപക രാജ്യമായ ബ്രിട്ടനിലെ കമ്പനികള്‍ക്ക് കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കരാര്‍, 90 ശതമാനം ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെയും തീരുവ കുറയ്ക്കും. യുകെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ 3 ശതമാനമായി കുറയും. ക്ഷീരോത്പന്നങ്ങള്‍, ആപ്പിള്‍ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നല്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കരാര്‍ പ്രകാരം, സ്‌കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനത്തിലേക്കാണ് കുറയുന്നത്. 10 വര്‍ഷത്തിനുള്ളില്‍ ഇത് വീണ്ടും 40% ആയി കുറയ്ക്കും. യുകെ നിര്‍മ്മിത കാറുകളുടെ തീരുവ ക്വാട്ട സമ്പ്രദായത്തില്‍ 10 ശതമാനമായി ആയി കുറയ്ക്കും. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി യുകെ ഉല്‍പ്പന്നങ്ങളുടെയും തീരുവ കുറയും. ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഉപഭോക്തൃ വിപണിയിലേക്കുള്ള തുറന്ന പ്രവേശനം കൂടിയാണ് കരാറില്‍ യുകെയുടെ നേട്ടം. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിനപ്പുറം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമാണ് കരാറിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയ്ക്കുണ്ടാകുന്ന നേട്ടങ്ങള്‍:
യുകെയില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍, എയ്റോസ്പേസ് ഭാഗങ്ങള്‍ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.
സോഫ്റ്റ് ഡ്രിങ്ക്‌സ്, കോസ്മറ്റിക്‌സ്, ചോക്ലേറ്റ്, ബിസ്‌കറ്റ്, ലൈറ്റുകള്‍, സാല്‍മണ്‍ ഫിഷ്, കാറുകള്‍ തുടങ്ങിയ ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ തീരുവ 15 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറയും
ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഒരു നിശ്ചിത ക്വാട്ടയ്ക്കുള്ളില്‍ 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമാകും
വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് വീണ്ടും 40 ശതമാനമായി കുറയും
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുകെയിലെ 35 മേഖലകളില്‍ 2 വര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ കഴിയും. ഇത് ഓരോ വര്‍ഷവും 60,000 ഐടി പ്രൊഫഷണലുകള്‍ക്ക് ഇത് ഗുണകരമാകും. ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ പോലുള്ള സ്ഥാപനങ്ങള്‍ക്ക് നേട്ടമാകും.
ഇന്ത്യന്‍ പ്രൊഫഷണലുകളെ യുകെയിലെ സാമൂഹിക സുരക്ഷാ പേയ്മെന്റുകളില്‍ നിന്ന് 3 വര്‍ഷത്തേക്ക് ഒഴിവാക്കും
ഇന്ത്യയില്‍ നിന്നുള്ള ഷെഫ്, യോഗ അധ്യാപകര്‍ തുടങ്ങി കരാര്‍ ജോലിക്കാര്‍ക്ക് ബ്രിട്ടനിലെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരം ലഭിക്കും
ബ്രിട്ടനുണ്ടാകുന്ന നേട്ടങ്ങള്‍:
കരാര്‍ ഇന്ത്യന്‍ താരിഫുകളില്‍ വലിയ കുറവുകള്‍ക്ക് വഴിയൊരുക്കും. 90 ശതമാനം താരിഫ് ലൈനുകളിലും ഇളവുകള്‍ ലഭിക്കും. 10 വര്‍ഷത്തിനുള്ളില്‍, ഇവയില്‍ 85 ശതമാനത്തിനും താരിഫ് ഒഴിവാക്കപ്പെടും.
ഇന്ത്യയിലെ പൊതു സംഭരണ അവസരങ്ങളിലേക്ക് ബ്രിട്ടന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും
200 കോടി രൂപയ്ക്ക് മുകളിലുള്ള തന്ത്രപ്രധാനമല്ലാത്ത സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. ഇതോടെ ഒരു വര്‍ഷം ഏകദേശം 40,000 ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.
ബ്രിട്ടന് 2,200 തൊഴിലവസരങ്ങള്‍ ലഭിക്കും
ബ്രിട്ടനിലെ ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 2.2 ബില്യണ്‍ വരെ വേതന വര്‍ധനവ് ഉണ്ടാകും