ഇന്ധനവില കത്തിക്കയറുന്ന കാലത്ത് ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നർ ഒന്ന് പിന്നോട്ടടിക്കും. എടുക്കുന്നതിലും രണ്ടിരട്ടി ചെലവ് കൊണ്ടു നടക്കാനാണെങ്കിൽ പിന്നെ അത് വേണോ എന്നാകും പലരുടേയും ചിന്ത. ചിലർക്കാകട്ടെ കുറഞ്ഞ ബജറ്റിൽ കൂടുതൽ മൈലേജ് ലഭിക്കുന്ന കോംപാക്റ്റ് മോഡലുകളോടാകും പ്രിയം. അത്തരക്കാർക്ക് ഒരു കിടിലൻ അവസരം ഒരുങ്ങുകയാണ് ചൈനയിലെ മുൻനിര കാർ നിർമാതാക്കളായ ബെസ്റ്റ്യൂൺ വഴി.
2023 ൽ പുതിയ മൈക്രോ-ഇലക്ട്രിക് കാറായ ഷാവോമ അവതരിപ്പിച്ചാണ് ബെസ്റ്റ്യൂൺ ലോകത്തെ ഞെട്ടിച്ചത്. കുറഞ്ഞ വിലയും ദീർഘദൂരം മൈലേജും കൊണ്ട് വിപണിയിൽ ശ്രദ്ധയാകർഷിച്ച ഒരു ചെറിയ കാർ, അതും അസാധാരണമായ വിലക്കുറവിൽ. റിപ്പോർട്ടുകൾ പ്രകാരം ഇതിന്റെ സ്റ്റാൻഡേർഡ് റേഞ്ച് ഏകദേശം 800 കിലോമീറ്ററാണ്. എങ്കിലും റേഞ്ച് എക്സ്റ്റെൻഡർ സിസ്റ്റം ഉപയോഗിച്ച്, ഒറ്റ ഫുൾ ചാർജിൽ 1200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.
ഈ മൈക്രോ ഇവിക്ക് കരുത്ത് പകരുന്നത് 20 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ്, ഇത് പിൻ ചക്രങ്ങളിൽ (പിൻ ഷാഫ്റ്റ്) ഘടിപ്പിച്ചിരിക്കുന്നു. ബാറ്ററിയിൽ എൽഎഫ്‌പി (ലിഥിയം-ഇരുമ്പ് ഫോസ്ഫേറ്റ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-ടോൺ തീമിനെ അടിസ്ഥാനമാക്കിയുള്ള ഇന്റീരിയർ, പവർ വിൻഡോകൾ, ഡിജിറ്റൽ ക്ലസ്റ്റർ, മ്യൂസിക് സിസ്റ്റം തുടങ്ങി ഫിച്ചേഴ്സുകളിൽ ഒട്ടും കുറച്ചിട്ടില്ല. ഷാവോമയുടെ നീളം 3000 മില്ലീമീറ്ററും വീതി 1510 മില്ലീമീറ്ററുമാണ്.
ചെറിയ, ഒതുങ്ങിയ ബോഡി നഗരത്തിലെ ഗതാഗത കുരുക്കുകളിലും, പാർക്കിങ് സ്പേസ് പ്രതിസന്ധികളിലും, ഇടുങ്ങിയ വഴികളിലുമെല്ലാം ഗുണം ചെയ്യും. ഡ്രൈവർ-സൈഡ് എയർബാഗ്, എബിഎസ് തുടങ്ങി സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെനയിൽ വെറും 30,000 യുവാൻ (ഏകദേശം 3.47 ലക്ഷം രൂപ) ആണ് ഷാവോമയുടെ അടിസ്ഥാന മോഡലിന് വില. 50,000 യുവാൻ (ഏകദേശം 5.78 ലക്ഷം രൂപ) വിലയ്ക്ക് പ്രീമിയം മോഡലും ലഭ്യമാണ്. മൈക്രോ ഇവി ഷവോമയുടെ ഇന്ത്യൻ ലോഞ്ച് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ.