

2022 മുതല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ നിറ സാന്നിധ്യമായിരുന്ന മാരുതി സുസുകി ബ്രെസ്സയുടെ നവീകരിച്ച മോഡലിന്റെ ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്. സബ്‌കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവി വിഭാഗത്തില്‍ പെട്ട കാറിന് മാര്‍ക്കറ്റില്‍ ഉയരുന്ന കടുത്ത മത്സരമാണ് പുതിയ മാറ്റങ്ങളോട് അവതരിപ്പിക്കുന്നതിന് കാരണമായി കരുതുന്നത്. ഇന്ത്യന്‍ റോഡുകളില്‍ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവിനിടെയാണ് പൊതിഞ്ഞ പുതിയ കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വാഹനം പൊതിഞ്ഞ നിലയിലായതിനാല്‍ ഡിസൈന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മോഡലിന്റെ പുറമേയുള്ള രൂപത്തിന് കാര്യമായ മാറ്റമില്ലെന്നാണ് അനുമാനം. ഹെഡ് ലാംപും ടെയ്ല്‍ ലാംപും അതേപടി നിലനിര്‍ത്തിയതായാണ് കാണുവാന്‍ സാധിക്കുന്നത്. മറ്റു ഭാഗങ്ങള്‍ പൊതിഞ്ഞാണ് കാണപ്പെട്ടതെങ്കിലും ബംപറിന്റെയും ഗ്രില്ലിന്റെയും ഡിസൈനില്‍ നവീനമായ ഒരു രൂപമാറ്റമാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു പ്രധാന രൂപമാറ്റം അലോയ് വീലുകളുടെ പുതിയ ഡിസൈനാണ്.
പുറത്തു വന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ കാറിനുള്ളിലെ ഇന്‍ഫോടെയ്‌മെന്റ് ഡിസ്‌പ്ലേയുടെ വലിപ്പം കൂട്ടിയതായി കാണാം. നിലവിലെ മോഡലിലെ ഇന്‍ഫോടെയ്‌മെന്റ് ഡിസ്‌പ്ലേയുടെ വലിപ്പം 9 ഇഞ്ചാണ്, പുതിയ മോഡലില്‍ ഏകദേശം 10.25 ഇഞ്ചാണ് വലിപ്പം. മാത്രമല്ല ആപ്‌ഡേറ്റഡ് യൂസര്‍ ഇന്റര്‍ഫേസാണ് രൂപമാറ്റം വരുത്തിയ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നതായി കരുതുന്നത്. റിയര്‍ വ്യൂ മിററില്‍ നിന്നുള്ള എക്സ്റ്റന്‍ഷന്‍ 360 ഡ്രിഗ്രി ക്യാമറ സിസ്റ്റത്തിന്റെ സാന്നിധ്യമായി കരുതുന്നു. നിലവിലെ ബ്രെസ്സയുടെ ഹയര്‍-എന്‍ഡ് വെരിയന്റാണ് ടെസ്റ്റ് നടത്തിയ മോഡല്‍ എന്നു പറയുന്നു.
കാറിന്റെ മെക്കാനിക്കല്‍ കാര്യങ്ങളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും, ചോര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ നവീകരിച്ച പുതിയ മോഡലിലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു സൂചിപ്പിക്കുന്നു. കാറിന്റെ നവീകരണത്തിൽ മെക്കാനിക്കല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താറില്ലാത്തതിനാല്‍ പുതിയ മോഡലിലും നിലവിലെ എഞ്ചിന്‍ ഓപ്ഷനുകള്‍ ആയിരിക്കുമെന്ന് കരുതുന്നു. കാറിന്റെ മൂന്ന് വെരിയന്റുകളിലും 1.5 ലിറ്ററിന്റെ K15C എഞ്ചിനായിരിക്കും ഉപയോഗിക്കുക: സാധാരണ വേര്‍ഷന്‍ (99BHP/137NM),സി എന്‍ ജി വേര്‍ഷന്‍ (87BHP/121NM), മൈല്‍ഡ് - ഹൈബ്രിഡ് വേര്‍ഷന്‍ (102BHP/139NM). സാധാരണ വേര്‍ഷനിലും മൈല്‍ഡ് - ഹൈബ്രിഡ് വേര്‍ഷനിലും ഗിയര്‍ റേറ്റിയോ മെച്ചപ്പെടുത്തുന്ന പുതിയ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉപയോഗിക്കാനാണ് സാധ്യത.സി എന്‍ ജി വേര്‍ഷനില്‍ അണ്ടര്‍ ബോഡി സിലിണ്ടര്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത കാണുന്നു.