ഥാർ ഫെയ്സ്ലിഫ്റ്റ്  NEWS MALAYALAM 24x7
AUTO

അകത്തും പുറത്തും അടിമുടി മാറ്റങ്ങള്‍; ഥാറിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ ഇതാ വരുന്നു

സെപ്റ്റംബര്‍ 24-നോ ഒക്ടോബര്‍ ആദ്യമോ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മഹീന്ദ്ര ഓഫ് റോഡ് എസ്യുവികളില്‍ സൂപ്പര്‍ ഹിറ്റായ ഥാറിന്റെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഥാര്‍ 3-ഡോറിന്റെ ഫെയ്സ്ലിഫ്റ്റ് മോഡലാണ് പുറത്തിറങ്ങാനിരിക്കുന്നത്. വാഹനത്തിന്റെ ലോഞ്ച് ഡേറ്റ് സംബന്ധിച്ച് വരും ദിവസങ്ങളില്‍ വ്യക്തത വരും. മാരുതി സുസുക്കി ജിംനിയാകും പുതിയ മോഡലിന്റെ പ്രധാന എതിരാളികള്‍.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സെപ്റ്റംബര്‍ 24-നോ ഒക്ടോബര്‍ ആദ്യമോ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ല്‍ രണ്ടാം തലമുറ ഥാര്‍ പുറത്തിറങ്ങിയതിനു ശേഷം ആദ്യമായാണ് വലിയ മാറ്റങ്ങളോടെ പുതിയ പതിപ്പ് വരുന്നത്.

എക്സ്റ്റീരിയറിലും ഇന്റീരിയറിലും പ്രധാന മാറ്റങ്ങളോടെയാകും ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. 5 ഡോര്‍ ഥാര്‍ റോക്‌സിനോട് സമാനമായി മുന്‍ഭാഗത്ത് മാറ്റമുണ്ടാകും. ഗ്രില്ലും ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്താകും എത്തുക.

പുതിയ ഹെഡ് ലാമ്പുകള്‍ക്കൊപ്പം എല്‍ഇഡി ഡിആര്‍എല്ലുകളും വാഹനപ്രേമികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ടെയില്‍ ലാമ്പുകളിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. നിലവിലുള്ള മോഡലില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാകും ഉണ്ടാകുക.

ഇന്റീരിയറില്‍ ഏറ്റവും വലിയ മാറ്റം പ്രതീക്ഷിക്കുന്നത് 10.25 ഇഞ്ച് വലിപ്പമുള്ള പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ്. ഇത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയില്‍ വയര്‍ലെസായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും.

പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ സെന്റര്‍ കണ്‍സോളില്‍ നിന്ന് ഡോറിലേക്ക് മാറുമെന്നാണ് മറ്റൊരു പ്രതീക്ഷ. ഡാഷ്ബോര്‍ഡിനും സെന്റര്‍ കണ്‍സോളിനും പുതിയ രൂപകല്‍പ്പനയുണ്ടാകും. ഡ്രൈവര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റലായി മാറിയേക്കാം.

ഉയര്‍ന്ന വാരിയന്റുകളില്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയവയും പ്രതീക്ഷിക്കാം. അതേസമയം, എഞ്ചിന്‍ ഓപ്ഷനുകളില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല.

ഏകദേശം 12 ലക്ഷം മുതല്‍ 18 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. നിലവിലെ മഹീന്ദ്ര ഥാര്‍ 3-ഡോര്‍ മോഡലിന്റെ എക്സ്-ഷോറൂം വില 11.50 ലക്ഷം മുതല്‍ 17.62 ലക്ഷം വരെയാണ്.

SCROLL FOR NEXT