ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ടെസ്‌ല ഒരു പറക്കും കാറിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കുമെന്ന് വെളിപ്പെടുത്തി ടെസ്‌ല സിഇഒ ഇലോൺ മസ്ക്. ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ലോഞ്ച് ആയിരിക്കും അതെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മസ്കിൻ്റെ വെളിപ്പെടുത്തൽ. ദി ജോ റോഗൻ എക്സ്പീരിയൻസിൻ്റെ പോഡ്‌കാസ്റ്റിലായിരുന്നു പുതിയ വെളിപ്പെടുത്തൽ .
2020-ൽ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്ന ടെസ്‌ലയുടെ രണ്ടാം തലമുറ റോഡ്‌സ്റ്ററിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മസ്ക് തൻ്റെ ഏറ്റവും പുതിയ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.'ഞങ്ങൾ അതിനോടടുക്കുകയാണ്. എന്തായാലും മറക്കാനാവാത്ത ഒരു പ്രൊഡക്റ്റ് ലോഞ്ച് ആയിരിക്കുമത്' എന്നായിരുന്നു മസ്കിൻ്റെ പ്രതികരണം.
ഇതിനെപ്പറ്റി കൂടുതൽ വിശദീകരിക്കാനാവശ്യപ്പെട്ടതിനെ തുടർന്നാണ് തൻ്റെ സുഹൃത്തായ പീറ്റർ തീൽ ഭാവിയിൽ പറക്കുന്ന കാറുകളുണ്ടാക്കുന്നതിനെ പറ്റി പരാമർശിച്ചതായും പീറ്ററിന് അത്തരമൊരു കാർ വാങ്ങാൻ പറ്റുന്ന രീതിയിൽ ടെസ്‌ല ദീർഘകാലമായി സങ്കൽപ്പിച്ച ആശയം യാഥാർഥ്യമാക്കുന്നതിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഒരു ഇലക്ട്രിക് പറക്കും കാർ നിർമിക്കുന്നത് സജീവമായി പരിഗണിക്കുന്നുണ്ടോ എന്ന റോഗൻ്റെ ചോദ്യത്തിന് അത് കാണുവാൻ ലോഞ്ച് വരെ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു മസ്കിൻ്റെ മറുപടി.
വർഷാവസാനത്തിനുമുമ്പ് എന്ന് പറഞ്ഞുവെങ്കിലും സമയപരിധിയിൽ മാറ്റങ്ങളുണ്ടായേക്കാം എന്നു സൂചിപ്പിച്ചു കൊണ്ടാണ് ഇലോൺ മസ്ക് അവസാനിപ്പിച്ചത്.
വർഷാവസാനത്തോടെ ഒരു പറക്കും കാർ യാഥാർഥ്യമാകുമോ ഇല്ലയോ എന്നതിൽ ഉറപ്പില്ലെങ്കിലും ടെസ്‌ല അടുത്തതായി എന്താണ് പുറത്തിറക്കാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് ലോകം..