Ola Electric's Rs 1,820 Crore Debt Problem and Fundraise Analysis News Malayalam
AUTO

ഓല വന്‍ കുരുക്കില്‍ : കടം പുരപ്പുറത്ത് മുട്ടി, സ്കൂട്ടര്‍ വില്‍പ്പനയില്‍ പണികിട്ടിയപ്പോഴും പൂക്കാത്ത സ്വപ്നം പോലെ ബാറ്ററിയും, എഐയും

ആദ്യം 36 രൂപയ്ക്കും പിന്നീട് വെറും 27 രൂപയ്ക്കും. ഓരോ തവണ ഫണ്ട് സമാഹരിക്കുമ്പോഴും കമ്പനിയുടെ വലിയൊരു പങ്ക് തുച്ഛമായ വിലയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് സാമ്പത്തിക വിദഗ്ധര്‍.

Author : വിപിന്‍ വി.കെ

കൊച്ചി: 2024 ജൂണിൽ ഓഹരി വിപണിയിൽ വൻ ആഘോഷത്തോടെ ലിസ്റ്റ് ചെയ്ത് ഏകദേശം 5,500 കോടി രൂപ സമാഹരിച്ച കമ്പനിയാണ് ഓല ഇലക്ട്രിക്. അന്ന് ഒരു ഓഹരിക്ക് 76 രൂപയായിരുന്നു വില. എന്നാൽ രണ്ട് വർഷത്തിനിപ്പുറം, 2026-ൽ വെറും നാല് മാസത്തിനിടെ രണ്ട് തവണയാണ് ഓല പൊതുവിപണിയിൽ നിന്ന് വീണ്ടും പണം പിരിച്ചത്. ആദ്യം 36 രൂപയ്ക്കും പിന്നീട് വെറും 27 രൂപയ്ക്കും. ഓരോ തവണ ഫണ്ട് സമാഹരിക്കുമ്പോഴും കമ്പനിയുടെ വലിയൊരു പങ്ക് തുച്ഛമായ വിലയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് സാമ്പത്തിക വിദഗ്ധര്‍.

ഈ പ്രതിസന്ധിയുടെ വേരുകൾ 2023 ഒക്ടോബറിലാണ്. തമിഴ്നാട്ടിൽ ഇന്ത്യയിലെ ആദ്യത്തെ ലിഥിയം-അയൺ ബാറ്ററി സെൽ ഗിഗാഫാക്ടറി നിർമ്മിക്കാനായി ടെമാസെക്കിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) നിന്നുള്ള 1,910 കോടി രൂപയുടെ വായ്പ ഉൾപ്പെടെ 3,200 കോടി രൂപ ഓല സമാഹരിച്ചിരുന്നു. കടമെടുത്ത് ഫാക്ടറി പണിയുകയും ലക്ഷക്കണക്കിന് സ്കൂട്ടറുകൾ വിറ്റുകിട്ടുന്ന ലാഭത്തിൽ നിന്ന് കടം വീട്ടുകയുമായിരുന്നു പദ്ധതി. എന്നാൽ സ്കൂട്ടർ വിൽപ്പനയിലൂടെ ലാഭമുണ്ടാക്കാൻ ഇതുവരെ കമ്പനിക്ക് സാധിച്ചിട്ടില്ല. സെപ്റ്റംബർ പാദത്തിൽ മാത്രം 371 കോടി രൂപയാണ് കമ്പനിക്ക് ക്യാഷ് ബേൺ ഉണ്ടായതെന്ന് മൾട്ടിബാഗ് എ.ഐ റിപ്പോർട്ട് ചെയ്ത സാമ്പത്തിക കണക്കുകൾ വ്യക്തമാക്കുന്നു.

ഇതോടെ ലാഭത്തിൽ നിന്ന് കടം വീട്ടുന്നതിന് പകരം, ഓഹരിയുടമകളിൽ നിന്ന് പുതിയതായി പിരിക്കുന്ന പണം കൊണ്ടാണ് ഓല പഴയ കടങ്ങൾ വീട്ടുന്നത്. 2024-ലെ ഐ.പി.ഒയിൽ ഗവേഷണത്തിനായി മാറ്റിവെച്ച തുകയിൽ നിന്ന് 475 കോടി രൂപ കടം തിരിച്ചടയ്ക്കാൻ മാറ്റി. 2026 ജൂണിൽ ക്യു.ഐ.പി (QIP) വഴി പിരിച്ച 780 കോടിയിൽ 225 കോടിയും, ഒക്ടോബറിലെ 1,000 കോടിയുടെ റൈറ്റ്സ് ഇഷ്യൂവിൽ നിന്ന് 350 കോടിയും കടം വീട്ടാനാണ് മാറ്റിവെച്ചത്. 2026 ആദ്യ ആറ് മാസത്തിൽ 615 കോടി രൂപയുടെ കടം തിരിച്ചടച്ചിട്ടും, മെയ് മാസത്തിൽ 1,640 കോടിയായിരുന്ന ആകെ കടം സെപ്റ്റംബറിൽ 1,820 കോടി രൂപയായി ഉയരുകയാണ് ചെയ്തത്.

ഈ 1,820 കോടി രൂപയുടെ കടത്തിൽ വെറും 337 കോടി രൂപ മാത്രമാണ് സ്കൂട്ടർ ബിസിനസ്സുമായി ബന്ധപ്പെട്ടുള്ളത്. ബാക്കി ഭൂരിഭാഗവും വരുമാനം തുടങ്ങാത്ത ബാറ്ററി ഗിഗാഫാക്ടറിയുടേതാണ്. നിർമ്മാണം വൈകിയതിനാൽ സർക്കാരിന്റെ പി.എൽ.ഐ (PLI) സ്കീം ലക്ഷ്യങ്ങൾ പാലിക്കാൻ കഴിയാതെ വന്നതും കമ്പനിക്ക് തിരിച്ചടിയായി. അതായത്, വരുമാനമില്ലാത്ത ഒരു ഫാക്ടറിയുടെ പലിശ അടയ്ക്കാൻ വേണ്ടി വീണ്ടും വീണ്ടും പണം സമാഹരിക്കേണ്ട അവസ്ഥയിലാണ് കമ്പനി.

സി.ഇ.ഒ ഭാവിഷ് അഗർവാളിന്റെ വ്യക്തിപരമായ സാമ്പത്തിക റിസ്കാണ് മറ്റൊരു ആശങ്ക. ഓലയുടെ ഏകദേശം 26 ശതമാനം ഓഹരി കൈവശമുള്ള ഭാവിഷ്, എഐ കമ്പനിയായ 'ക്രുത്രിമിന്റെ' ഡാറ്റാ സെന്ററുകൾക്കായി ഓല ഓഹരികൾ പണയം വെച്ചാണ് വായ്പയെടുത്തത്. 2025 ഡിസംബറിൽ പഴയ വായ്പ വീട്ടാൻ 3.93 ശതമാനം ഓഹരി വിറ്റപ്പോൾ രണ്ട് ദിവസം കൊണ്ട് ഓല ഓഹരിവില 11 ശതമാനം ഇടിഞ്ഞിരുന്നു. തുടർന്ന് 2026 സെപ്റ്റംബർ 30-ന് ഏകദേശം 740 കോടി രൂപ മൂല്യമുള്ള 4.32 ശതമാനം ഓഹരികൾ (20 കോടി ഓഹരികൾ) കൂടി ക്രുത്രിമിന് വേണ്ടി പണയം വെച്ചതായി സ്കാൻഎക്സ് രേഖകൾ വ്യക്തമാക്കുന്നു. ക്രുത്രിമിന് കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ ഈ ഓഹരികൾ വിപണിയിൽ വിറ്റഴിക്കപ്പെടുകയും ഓലയുടെ ഓഹരിവില വീണ്ടും ഇടിയുകയും ചെയ്യുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

76 രൂപയിൽ നിന്ന് 36-ലേക്കും ഒടുവിൽ 27 രൂപയിലേക്കും വില താഴ്ത്തി ഓഹരികൾ നൽകുമ്പോൾ, ഓരോ ഫണ്ട് സമാഹരണവും കമ്പനിക്ക് കൂടുതൽ ചെലവേറിയതായി മാറുകയാണ്. പുതിയ വലിയ നിക്ഷേപകർ എത്താത്തതിനാൽ നിലവിലുള്ള ഓഹരിയുടമകളിൽ നിന്ന് തന്നെയാണ് പണം തേടുന്നത്. മുമ്പ് ബൈജൂസ് നേരിട്ടതിന് സമാനമായ സാമ്പത്തിക സൂചനകളാണ് ഇതെങ്കിലും, ബൈജൂസിൽ നിന്ന് വ്യത്യസ്തമായി ഓല ഇലക്ട്രിക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണെന്നും യഥാർത്ഥ ഉൽപ്പന്നവും വിപണിയും അവർക്കുണ്ടെന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു. പുതിയ ഡീലർഷിപ്പ് ശൃംഖലയിലൂടെ സ്കൂട്ടർ ബിസിനസ് വേഗത്തിൽ ലാഭത്തിലാക്കുക എന്നത് മാത്രമാണ് ഈ കടക്കെണിയിൽ നിന്ന് കരകയറാൻ ഓലയ്ക്ക് മുന്നിലുള്ള ഏക പോംവഴി.

SCROLL FOR NEXT