ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് കാർസ് ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ജനപ്രിയ മിഡ്-സൈസ് സെഡാനായ ഹോണ്ട സിറ്റിയുടെ പുതിയ എഡിഷൻ പുറത്തിറക്കി. സ്‌പോർട് എഡിഷൻ എന്ന പ്രത്യേക പതിപ്പാണ് അവതരിപ്പിച്ചത്. ഹോണ്ട കാർസ് ഇന്ത്യ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സിറ്റിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ പതിപ്പിൻ്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്.
കറുത്ത നിറത്തിലുള്ള ആക്‌സൻ്റുകളുള്ള സ്‌പോർട്ടി എക്സ്റ്റീരിയർ സ്റ്റൈലിംഗ്, വ്യത്യസ്തമായ ചുവന്ന ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് ഇൻ്റീരിയറുകൾ, ആംബിയൻ്റ് ലൈറ്റിംങ് എന്നിവ സിറ്റി സ്‌പോർട്‌സിൻ്റെ പ്രത്യേകതകളാണ്. 'ലൈഫ് ഈസ് എ സ്‌പോർട്' എന്ന ടാഗ്‌ലൈനോടെയാണ് പുതിയ സിറ്റി സ്‌പോർട് പുറത്തിറക്കുന്നത്. പുതിയ ഗ്രേഡായി ലിമിറ്റഡ് യൂണിറ്റുകളിൽ സിറ്റി സ്പോർട്ട് ലഭ്യമാകും. റേഡിയൻ്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിൽ സിവിടി (ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ)യിൽ ഇത് ലഭ്യമാകും.
സ്പോർട്ടി ബ്ലാക്ക് ഗ്രില്ലിനൊപ്പം സ്പോർട്ടി ബ്ലാക്ക് ട്രങ്ക് ലിപ് സ്‌പോയിലർ, ഗ്ലോസി ബ്ലാക്ക് ഷാർക്ക് ഫിൻ ആൻ്റിന, എക്‌സ്‌ക്ലൂസീവ് സ്‌പോർട് എംബ്ലം എന്നിവ ഇതിലുണ്ട്. മൾട്ടി-സ്‌പോക്ക് സ്‌പോർട്ടി ഗ്രേ അലോയ് വീലുകളും കറുത്ത ഒആർവിഎമുകളും സിലൗറ്റിനെ കൂടുതൽ മനോഹരമാക്കുന്നു. ആയതിനാൽ സിറ്റി സ്പോർട്ടിൻ്റെ ആകർഷകമായ പുറംഭാഗം ഏറെ ശ്രദ്ധ ആകർഷിക്കുന്നു.
പ്രീമിയം ലെതർ ബ്ലാക്ക് സീറ്റുകളും മൃദുവായ ഡോർ ഇൻസേർട്ടുകളും ഉൾക്കൊള്ളുന്ന സ്‌പോർട്ടി ബ്ലാക്ക് ക്യാബിനാണ് ഇൻ്റീരിയറിൻ്റെ സവിശേഷത. സീറ്റുകളിലും ഡോർ ഇൻസേർട്ടുകളിലും സ്റ്റിയറിംഗ് വീലിലും വ്യത്യസ്തമായ ചുവന്ന സ്റ്റിച്ച് പാറ്റേണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് റൂഫ് ലൈനിംഗിലേക്കും പില്ലറുകളിലേക്കും ഡാർക്ക് തീമാണ് ഉള്ളത്.
V-TEC വേരിയബിൾ വാൽവ് ടൈമിംഗുള്ള അതേ 1.5L നാച്ചുറലി ആസ്പിറേറ്റഡ് 4-സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും ഈ വാഹനത്തിൻ്റെ കരുത്ത്. മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഇതിന് ഹോണ്ട സെൻസിംഗ് (ADAS) കൂടി ലഭിക്കുന്നു.