5.12 ലക്ഷം രൂപ മുതൽക്കാണ് ഹോണ്ട റെബൽ 500ൻ്റെ വില ആരംഭിക്കുന്നത് Source: Honda
AUTO

സ്റ്റൈലിഷ് റെബൽ! നിരത്തിലിറങ്ങാൻ ഒരുങ്ങി ഹോണ്ട റെബൽ 500; വിലയെത്ര? ഫീച്ചറുകളെന്തൊക്കെ?

മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ മാത്രമാകും ഹോണ്ട റെബൽ 500 ലഭ്യമാകുക

Author : ന്യൂസ് ഡെസ്ക്

2025 മാർച്ചിലാണ് ഹോണ്ട റെബൽ 500 ക്രൂയിസർ ബൈക്ക് ഇന്ത്യൻ വിപണിയിലെത്തിയത്. ഇപ്പോഴിതാ ബിഗ് വിങ് ഡീലര്‍ഷിപ്പുകളിലൂടെ നിരത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഹോണ്ട റെബൽ 500. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രമാകും ഹോണ്ട റെബൽ ലഭ്യമാവുക. റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650, കവാസാക്കിയുടെ വൾക്കൻ എസ്, എലിമിനേറ്റർ 500 തുടങ്ങിയ ബൈക്കുകളുമായാണ് ഹോണ്ട റെബൽ ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.

5.12 ലക്ഷം രൂപ മുതൽക്കാണ് ഹോണ്ട റെബൽ 500ൻ്റെ വില ആരംഭിക്കുന്നത്. 2205 മില്ലീമീറ്റർ നീളവും 810 മില്ലീമീറ്റർ വീതിയും 1090 മില്ലീമീറ്റർ ഉയരവുമാണ് ഹോണ്ട റെബൽ 500 നുള്ളത്. 1490 മില്ലീമീറ്റർ വീൽബേസും 125 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഇതിന് ഉണ്ട്. കൂടാതെ, 690 മില്ലീമീറ്റർ ഉയരമുള്ള സീറ്റ്, ലോങ് റൈഡറുകൾ സുഖകരമാക്കുന്നു. മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്ന ഒരൊറ്റ കളര്‍ ഓപ്ഷനിൽ മാത്രമാണ് റെബല്‍ 500 ലഭ്യമാകുക.

മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്ന കളര്‍ ഓപ്ഷനിൽ മാത്രമാണ് റെബല്‍ 500 ലഭ്യമാകുക

ട്യൂബുലാർ സ്റ്റീൽ ചേസിസിനെ അടിസ്ഥാനമാക്കിയാണ് ഹോണ്ട റെബൽ 500 നിർമിച്ചിരിക്കുന്നത്. ബൈക്കിൽ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമുണ്ട്. ബ്രേക്കിങ് സുഗമമാക്കാൻ മുന്നിൽ 296 എംഎം ഡിസ്കും പിന്നിൽ 240 എംഎം ഡിസ്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ടിലും ഡ്യുവൽ-ചാനൽ എബിഎസും കാണാം. ഡൺലോപ്പ് ടയറുകൾ ഘടിപ്പിച്ച 16 ഇഞ്ച് വീലുകളാണ് ഹോണ്ട റെബൽ 500ൽ ഉള്ളത്.

ഹോണ്ട റെബൽ 500-ൽ എല്‍ഇഡി ലൈറ്റിംഗും ഒരു ഇന്‍വെര്‍ട്ടഡ് എല്‍സിഡി ഡിസ്‌പ്ലേയും ഉണ്ട്. 100 ​​mm വ്യാസമുള്ള സ്‌ക്രീനിൽ, സ്പീഡ്, ഗിയർ പൊസിഷൻ, ട്രിപ്പ് മീറ്റർ, ഇന്ധന ഗേജ് എന്നിവ പ്രദർശിപ്പിക്കും. ചാർജിംഗ് സോക്കറ്റ്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയും ഇതിനൊപ്പം ലഭിക്കുന്നു.

8,500 ആർപിഎമ്മിൽ 45.59 ബിഎച്ച്‌പി പവറും 6,000 ആർപിഎമ്മിൽ 43.3 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 471 സിസി ലിക്വിഡ്-കൂൾഡ് പാരലൽ ട്വിൻ-സിലിണ്ടർ എഞ്ചിനാണ് റെബൽ 500-ന് കരുത്തേകുന്നത്. ഈ എഞ്ചിൻ6-സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

SCROLL FOR NEXT