എംജി വിന്‍ഡ്‌സര്‍ ഇവിയുടെ ടോപ് എന്‍ഡിനോടും ബിവൈഡി ഇമാക്‌സ് 7 എന്നിവയോടൊക്കെ കിടപിടിക്കാന്‍ എത്തുന്ന കിയ കാരെന്‍സ് ക്ലാവിസ് ഇവി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. എന്‍ട്രി ലെവല്‍ വാഹനത്തിന് 17.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ക്ലാവിസ് എംപിവിയുടെ ഐസിഇ നേരത്തെ കിയ ലോഞ്ച് ചെയ്തിരുന്നു. ഇവിയാണെന്ന പ്രത്യേകതയൊഴിച്ചാല്‍ ഐസിഇയോട് ചേര്‍ന്ന് നില്‍ക്കുന്ന ഫീച്ചറുകള്‍ തന്നെയാണ് കാരെന്‍സിലും നല്‍കിയിരിക്കുന്നത്.
കിയ കാരെന്‍സ് ക്ലാവിസ് ഇവി: ബാറ്ററി പാക്ക്
42 കിലോവാട്ട് ഹവര്‍, 51.4 കിലോവാട്ട് ഹവര്‍ ബാറ്ററി എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷന്‍സാണ് കാരെന്‍സ് ക്ലാവിസിനുള്ളത്. 169 ബിഎച്ച്പി പവറില്‍ 255 എന്‍എം ടോര്‍ക്ക് നല്‍കുന്ന സിംഗിള്‍ മോട്ടോര്‍ ആണ് കാരെന്‍സ് ക്ലാവിസ് ഇവിക്ക് നല്‍കിയിരിക്കുന്നത്.
കാറിന് 42 കിലോവാട്ട് ഹവര്‍ ബാറ്ററിയില്‍ 404 കിലോമീറ്റര്‍ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വലിയ ബാറ്ററി ഉപയോഗിച്ചുകൊണ്ടുള്ള വാഹനത്തിന് 490 കിലോമീറ്റര്‍ റേഞ്ച് വരെയും കിയ വാഗ്ദാനം ചെയ്തിരിക്കുന്നു.
കാരെന്‍സ് ക്ലാവിസ് ഇവിയുടെ ഇന്റീരിയര്‍
26.62 ഇഞ്ച് ഡുവല്‍ പനോരമിക് ഡിസ്‌പ്ലേ പാനലടങ്ങുന്ന ഇന്‍ഫോടൈന്‍മെന്റും ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകളും എട്ട് സ്പീക്കറുകളടങ്ങുന്ന ബോസ് പ്രീമിയം സൗണ്ട് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. 64 കളര്‍ ആംബിയന്റ് ലൈറ്റിങ് ആണ് കാബിനില്‍ നല്‍കിയിരിക്കുന്നത്.
എക്യുഐ ഡിസ്‌പ്ലേയോടുകൂടിയ സ്മാര്‍ട്ട് പ്യൂവര്‍ എയര്‍ പ്യൂരിഫയറും മറ്റൊരു പ്രത്യേകതയാണ്. മുന്നിലെ സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സംവിധാമൊരുക്കിയിരിക്കുന്നു. ഡുവല്‍ പാനല്‍ പനോരമിക് സണ്‍റൂഫും നല്‍കിയിട്ടുണ്ട്.
കാരെന്‍സ് ക്ലാവിസ് ഇവിയുടെ എക്സ്റ്റീരിയര്‍
കാരെന്‍സ് ക്ലാവിസ് ഐസിഇയുടേതിന് സമാനമായ എക്സ്റ്റീരിയര്‍ തന്നെയാണ് ക്ലാവിസിനും. ചാര്‍ജിങ് പോയിന്റ് മുന്‍ വശത്തേക്ക് മാറിയിരിക്കുന്നു എന്നതാണ് പ്രധാന മാറ്റം. ബമ്പര്‍ ഡിസൈന്‍ മാറിയതിനൊപ്പമാണ് ഇവി ചാര്‍ജിങ് പോയിന്റും മാറ്റിയിരിക്കുന്നത്. അടി തട്ടാതിരിക്കാന്‍ ഗ്രൗണ്ട് ക്ലിയറന്‍സ് 5 മില്ലീ മീറ്ററോളം വര്‍ധിപ്പിച്ചിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി അണ്ടര്‍ ബോഡി കവറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 ഇഞ്ച് എയ്‌റോ അലോയ് വീലുകളും നല്‍കിയിരിക്കുന്നു.
നാല് വേരിയന്റുകളില്‍ ഇറങ്ങുന്ന കാരെന്‍സ് ക്ലാവിസ് ഇവിയുടെ വില 17.99 ലക്ഷത്തില്‍ തുടങ്ങി 24.49 ലക്ഷം വരെയാണ്. എച്ച്ടികെ പ്ലസ്, എച്ച്ടിഎക്‌സ്, എടിഎക്‌സ് ഇആര്‍, എടിഎക്‌സ് പ്ലസ് ഇആര്‍ എന്നിങ്ങനെയാണ് നാല് വേരിയന്റുകള്‍.