
ടെസ്‌ലയുടെ കാറായ ടെസ്‌ല മോഡൽ വൈ ഇന്നാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഇതാദ്യമായാണ് ടെസ്‌ലയുടെ ഒരു പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്. ടെസ്‌ലയുടെ റിയർ വീൽ ഡ്രൈവ് (ആർഡബ്ല്യുഡി) എൻട്രി ലെവൽ മോഡലിന് 59.89 ലക്ഷം രൂപയാണ് വില. അതേസമയം, ടെസ്‌ല മോഡൽ വൈ സീരീസിലെ ലോങ് റേഞ്ച് മോഡലിന് 67.89 ലക്ഷം രൂപ വിലയുണ്ട്.
അതേസമയം, ടെസ്‌ല കൂടി ഇന്ത്യയിൽ എത്തുന്നതോടെ ഓട്ടോ മൊബൈൽ രംഗത്ത് വലിയതോതിലുള്ള കിടമത്സരം ഉണ്ടാകുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ടെസ്‌ലയ്ക്ക് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കണമെങ്കിൽ നിലവിലെ ശക്തരായ എതിരാളികളെ മറികടക്കേണ്ടതായിട്ടുണ്ട്. നിലവിൽ ടെസ്‌ല മോഡൽ വൈ കാറുകൾക്ക് വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള ഫോർ വീലറുകൾ എതാണെന്ന് മനസിലാക്കാം.
1. മഹീന്ദ്ര എക്സ്ഇവി 9ഇ
മഹീന്ദ്ര എക്സ്ഇവി 9ഇ എന്ന പേരിലുള്ള മഹീന്ദ്രയുടെ എസ്‌യുവി കാറിന് 21.90 ലക്ഷമാണ് എക്സ് ഷോറൂം വില. ഇന്ത്യൻ വാഹന നിർമാതാക്കളിൽ നിന്നുള്ള ഏറ്റവുമധികം ഫീച്ചറുകളാൽ സമ്പന്നമായ വാഹനങ്ങളിൽ ഒന്നാണിത്. കൂടാതെ ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് മോഡലുകളിൽ ഒന്നാണ് മഹീന്ദ്ര എക്സ്ഇവി 9ഇ. ഈ കാറിൽ 79 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഇത് എആർഎഐ സാക്ഷ്യപ്പെടുത്തിയ 659 കിലോമീറ്റർ റേഞ്ച് വാഗ്ദാനം നൽകുന്നുണ്ട്. കൂടാതെ ഏത് സാഹചര്യത്തിലും 500 കിലോമീറ്ററിലധികം യഥാർത്ഥ റേഞ്ച് കൈവരിക്കാനും കഴിയും. കൂടാതെ, 542 കിലോമീറ്റർ റേഞ്ച് നൽകുന്ന 59 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക് ഓപ്ഷനും ലഭ്യമാണ്.
2. മഹീന്ദ്ര ബിഇ 6
മഹീന്ദ്ര ബ്രാൻഡ് തന്നെ പുറത്തിറക്കിയ മറ്റൊരു ഇലക്ട്രിക് വാഹനമാണ് 'മഹീന്ദ്ര ബിഇ 6'. 59 കെഡബ്ല്യുഎച്ച് പായ്ക്കിലും 79 കെഡബ്ല്യുഎച്ച് പായ്ക്കിലുമായി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഉണ്ട്. റിയർ വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് വാഹനം വരുന്നത്. 59 കെഡബ്ല്യുഎച്ച് ബാറ്ററി പരമാവധി 557 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, 79 കെഡബ്ല്യുഎച്ച് ബാറ്ററി 638 കിലോമീറ്റർ വരെ മൈലേജ് കൈവരിക്കും. ഈ മോഡൽ പ്രാരംഭ എക്സ് ഷോറൂം വില 18.90 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.
3. ടാറ്റ ഹാരിയർ.ഇവി
21.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ടാറ്റ ഹാരിയർ.ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 65 കെഡബ്ല്യുഎച്ച്, 75 കെഡബ്ല്യുഎച്ച് എന്നിങ്ങനെ ഈ എസ്‌യുവി ബാറ്ററി പായ്ക്കുകൾക്ക് രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് 627 കിലോമീറ്റർ മൈലേജ് റേഞ്ച് നൽകുന്നുണ്ട്. 120 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇലക്ട്രിക് വാഹനം 15 മിനിറ്റ് ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയുമെന്നും, 25 മിനിറ്റിനകം 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.