AUTO

മോളിവുഡ് സൂപ്പർസ്റ്റാറുകളുടെ വിൻ്റേജ് ഭ്രമം, ഭൂട്ടാൻ സൈന്യം, ഓപ്പറേഷൻ നുംഖോർ, പിന്നെ തരികിട വാഹന റാക്കറ്റുകളും!

ഇത്തരത്തിൽ നൂറുകണക്കിന് വാഹനങ്ങളാണ് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പഴയ മോഡൽ ഡിഫൻഡർ, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍, വിവിധ എസ്‌യുവികള്‍, ട്രക്കുകള്‍... അങ്ങനെ ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിൻ്റേജ് കാറ്റഗറിയില്‍ ഉൾപ്പെടുന്നതുമായ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്യുകയും ഇതര സംസ്ഥാനങ്ങളിൽ നാലിരട്ടിയിലേറെ വിലയ്ക്ക് മറിച്ചുവിൽക്കുകയും ചെയ്യുന്ന സംഘങ്ങൾക്ക് തിരിച്ചടിയാകുന്ന നീക്കമാണ് 'ഓപ്പറേഷൻ നുംഖോർ'. ഇത്തരത്തിൽ നൂറുകണക്കിന് വാഹനങ്ങളാണ് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് റിപ്പോർട്ട്.

ഇത്തരത്തിലൊന്നാണ് മലയാള സിനിമയിലെ യുവതാരമായ ദുൽഖർ സൽമാൻ്റെ ഗാരേജിൽ നിന്നും കസ്റ്റംസ് അധികൃതർ കണ്ടെത്തിയതെന്നാണ് വിവരം. ഇന്ന് മലയാള സിനിമയിൽ മാത്രം ചെന്നുനിൽക്കുന്നതല്ല ഈ തട്ടിപ്പുകളുടെ വ്യാപ്തിയെന്നാണ് രാജ്യം ഇന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങളാണ് ഇതെന്ന് അറിയില്ലായിരുന്നു എന്നാണ് നിലവിലെ വാഹന ഉടമകളിൽ ഭൂരിഭാഗത്തിനും പ്രാഥമിക തെളിവെടുപ്പിൽ ലഭിച്ച വിവരം.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസും (ഡിആർഐ) കസ്റ്റംസും തുടങ്ങിയ അന്വേഷണത്തിൽ, രാജ്യത്തിൻ്റെ നികുതി വരുമാനത്തിൽ നിന്നും കോടികളുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂട്ടാൻ സൈന്യം ലേലം ചെയ്ത വാഹനങ്ങൾ അതേ രജിസ്ട്രേഷനിൽ ഇന്ത്യയിൽ സർവീസ് നടത്തരുതെന്നാണ് നിയമം. ഈ ലൂപ് ഹോൾ പ്രയോജനപ്പെടുത്തി പണംകൊയ്യുന്ന വാഹന റാക്കറ്റുകൾ ഹിമാചൽ പ്രദേശിൽ പിടിമുറുക്കുകയാണ്.

ഇന്ത്യൻ വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്യുകയാണ് പതിവ്. ഷിംല റൂറലിലാണ് (എച്ച്പി 52) രജിസ്ട്രേഷൻ കൂടുതലും നടക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ കാർ 10 ലക്ഷത്തിനും, മൂന്ന് ലക്ഷത്തിന് വാങ്ങിയ എസ്‌യുവി 30 ലക്ഷത്തിനും വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം വിൻ്റേജ് വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ട് വരാനും ഹിമാചലിൽ രജിസ്റ്റർ ചെയ്യാനുമായി വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ഏജൻ്റുമാരും ഉൾപ്പെടുന്ന ഇത്തരം റാക്കറ്റിന് പിന്നിൽ രാഷ്ട്രീയ ബന്ധമുള്ളവരും ഉണ്ടാകുമെന്നാണ് സംശയിക്കുന്നത്.

SCROLL FOR NEXT