AUTO

ഒറ്റ ചാര്‍ജില്‍ 500 കി.മീ വരെ... വീണ്ടും ഞെട്ടിച്ച് ടാറ്റ; സിയേറ ഇവി ഇന്ത്യന്‍ വിപണിയില്‍

75 കിലോവാട്ടിന്റെയും 63 കിലോവാട്ടിന്റെയും ബാറ്ററി വാഹനത്തിൽ ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

സിയേറ. ഇവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത് ടാറ്റ മോട്ടോഴ്‌സ്. 18.9 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ് ഷോറൂം വില. എസ് യുവിയുടെ ടോപ് എന്‍ഡ് വേരിയന്റിന് 24.79 ലക്ഷം രൂപയാണ്. സിയേറ ഐസിഇ വണ്ടിയേക്കാള്‍ ഡിസൈനിലും ഫീച്ചറിലും മാറ്റങ്ങള്‍ വരുത്തിയാണ് സിയേറ ഇവി നിരത്തുകളിലേക്കെത്തുന്നത്. ടാറ്റയുടെ ഇവി ലൈന്‍ അപ്പില്‍ ഇത് ഏഴാമത്തെ വാഹനമാണ്. ഹാരിയര്‍ ഇവിക്ക് താഴെയും കര്‍വ് ഇവിക്ക് മുകളിലുമായാണ് സിയേറ ഇവിയെ ടാറ്റ നിര്‍ത്തിയിരിക്കുന്നത്.

അടുത്തിടെ സിയേറ ഇവി പുറത്തിറക്കിയ അവരുടെ മരുഭൂമിയിലൂടെയുള്ള വണ്ടിയുടെ ടോര്‍ക്കും പവറും കാണിക്കുന്ന പ്രമോഷന്‍ വീഡിയോയും ക്രാഷ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോയും പുറത്തിറക്കിയിരുന്നു. ഇവ രണ്ടും ഇവി ആരാധകര്‍ക്കിടയില്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഇന്ന് മുതല്‍ സിയേറയുടെ ബുക്കിങ്ങ് ആരംഭിക്കുകയാണ്. ജൂലൈ 15 മുതല്‍ ഡെലിവറി ചെയ്ത് തുടങ്ങുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. വമ്പന്‍ ഫീച്ചറുകളുമായും അതിലേറെ പ്രതീക്ഷകളുമായും നിരത്തിലറങ്ങുന്ന വണ്ടിയുടെ പ്രത്യേകതകള്‍ അറിയാം.

ഡിസൈന്‍

ഒറ്റ കാഴ്ചയില്‍ സമാനമാണെന്ന് തോന്നാമെങ്കിലും സിയേറയുടെ ഐസിഇ മോഡലില്‍ നിന്ന് വ്യത്യസ്തമായി അവര്‍ നല്‍കിയിരിക്കുന്ന ഒന്ന് മുന്നിലെ ലൈറ്റ് ബാറിനും ഹെഡ് ലാമ്പുകള്‍ക്കും ഇടയിലുള്ള കറുത്ത പാനല്‍ ഇവിയില്‍ നിന്ന് ഒഴിവാക്കിയതായി കാണാം. ടാറ്റ ലോഗോയ്ക്ക് മുകളില്‍ സിയേറ എന്ന് എഴുതിയ ബാഡ്ജിങ്ങും ഒഴിവാക്കിയിട്ടുണ്ട്.

മുന്‍ ബംപര്‍ ഗ്ലോസി ബ്ലാക്ക് ഫിനിഷിങ്ങിലാണ് നല്‍കിയിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ക്യുഡബ്ല്യുഡി ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.

നിറങ്ങള്‍

ഇത്തവണ സിയേറ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്ന നിറങ്ങളും വ്യത്യസ്തമാണ്. ഋഷികേഷ് റാപിഡ്‌സ്, നൈനിറ്റാള്‍ നൊക്‌റ്റേണ്‍, പ്രിസ്റ്റിന്‍ വൈറ്റ്, ആന്‍ഡമാന്‍ അഡ്വഞ്ചര്‍, പ്യൂര്‍ ഗ്രേ, ബെംഗാള്‍ റോഗ്, കൂര്‍ഗ് ക്ലൗഡ് എന്നിവയാണ് നിറങ്ങള്‍. ഇതില്‍ തന്നെ ആദ്യത്തെ രണ്ട് നിറങ്ങളാണ് ക്യുഡബ്ല്യുഡി വേരിയന്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇന്റീരിയര്‍, ഫീച്ചറുകള്‍

ഐസിഇ മോഡലുമായി ഏറെ സാമാനതകള്‍ ഇവിക്കുണ്ട്. 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് പാസഞ്ചര്‍ ഡിസ്‌പ്ലേ എന്നിവ അടങ്ങിയ ട്രിപ്പിള്‍-സ്‌ക്രീന്‍ സെറ്റപ്പില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വരുന്നത്.

വയര്‍ലെസ് ചാര്‍ജര്‍ പോര്‍ട്ട് എയര്‍ പ്യൂരിഫയര്‍, ഓട്ടോണമസ് പാര്‍ക്കിങ്ങിനുള്ള ഇ വാലറ്റ്, മുന്‍ സീറ്റുകളിലെ വെന്റിലേഷന്‍, റിയര്‍ സണ്‍ ബ്ലൈന്‍ഡുകള്‍, ഡുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് ടെയില്‍ഗേറ്റ് എന്നിവ പ്രധാന ഫീച്ചറുകളാണ്.

12 ജെബിഎല്‍ സ്പീക്കറുകള്‍ വരുന്ന ഡോള്‍ബി അറ്റ്‌മോസ് ഉള്ള ആപ്പിള്‍ കാര്‍ പ്ലേ മറ്റൊരു പ്രധാന ഫീച്ചറാണ്. സ്റ്റാന്‍ഡേര്‍ഡ്, ഇമ്മേഴ്‌സീവ്, പേഴ്‌സണല്‍, സ്‌നോ തുടങ്ങി നാല് പ്രധാന മോഡലുകളാണ് നല്‍കിയിരിക്കുന്നത്.

ഭാഗികമായി സ്റ്റീയറിങ്ങും ആക്‌സലറേഷനും കാറിന് ഓട്ടോമാറ്റിക്കായി ചെയ്യാന്‍ അനുവദിക്കുന്ന എഡിഎഎസ് ഫീച്ചറും ഇഎസ്പിയും ആറ് എയര്‍ ബാഗുകളും, 540 ഡിഗ്രി ക്യാമറകളും സിയേറയുടെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

റേഞ്ച്, പവര്‍ട്രൈയ്ന്‍

രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നല്‍കിയിരിക്കുന്നത്. 175 കിലോവാട്ട് മോട്ടോര്‍ പിന്നിലും 103 കിലോവാട്ട് മോട്ടോര്‍ മുന്നിലുമായി നല്‍കിയിരിക്കുന്നു. റിയര്‍ മോട്ടോറിന് 240 എന്‍എം ടോര്‍ക്കും മുന്നിലെ മോട്ടോറിന് 164 എന്‍എം ടോര്‍ക്കുമാണുള്ളത്. ഇത് രണ്ടും ചേര്‍ന്ന് 504 എന്‍എം ടോര്‍ക്ക് വാഹനത്തിന് നല്‍കും.

പവറിനെ ഒപ്റ്റിമൈസ് ചെയ്യാന്‍ വിവിധ ഡ്രൈവ് മോഡുകളും നല്‍കിയിരിക്കുന്നു. അതില്‍ പ്രധാനമായും പറയേണ്ട ഒന്ന് ബൂസ്റ്റ് മോഡാണ്. 75 കിലോവാട്ടിന്റെയും 63 കിലോവാട്ടിന്റെയും ബാറ്ററി ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്. 75 കിലോവാട്ടിന്റെ ബാറ്ററി ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ആണ് റേഞ്ച് നല്‍കുക. ടാറ്റ പറയുന്ന റേഞ്ച് 665 കിലോമീറ്റര്‍ ആണ്.

65 കിലോവാട്ട് ബാറ്ററിയില്‍ ഒറ്റ ചാര്‍ജില്‍ 565 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ഹൈവോള്‍ട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി 120 കിലോവാട്ട്, 7.2 കിലോവാട്ട്, 3.3 കിലോവാട്ട് ചാര്‍ജറുകളുമുപയോഗിച്ച് ചാര്‍ജ് ചെയ്യാം. 15 മിനുട്ട് ഫാസ്റ്റ് ചാര്‍ജിങ്ങില്‍ 250 കിലോമീറ്റര്‍ വരെ റേഞ്ച് കിട്ടും. കാറില്‍ വി2വി, വി2എല്‍ ചാര്‍ജിങ്ങ് ഓപ്ഷനും നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT