മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ കാര്‍ ഡെലിവെറി ചെയ്തു. രാജ്യത്ത് ഷോറൂം തുറക്കുകയും മോഡല്‍ വൈ പുറത്തിറക്കുകയും ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ആദ്യത്തെ കാര്‍ കൈമാറുന്നത്.
മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് നായികാണ് ടെസ്ല മോഡല്‍ വൈയുടെ ഉടമ. മുംബൈ ബാന്ദ്രയിലെ ടെസ്‌ല എക്‌സ്പീരിയന്‍സ് സെന്ററില്‍ വെച്ചാണ് മന്ത്രിക്ക് വാഹനം കൈമാറിയത്. രാജ്യത്തെ ആദ്യ ടെസ്‌ല കാറിന്റെ ഉടമയാകാന്‍ കഴിഞ്ഞതില്‍ സന്തോഷവനും അഭിമാനവും ഉണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
ഡിസ്‌കൗണ്ട് ഒന്നും ലഭിച്ചിട്ടില്ലെന്നും മുഴുവന്‍ പൈസയും നല്‍കിയാണ് കാര്‍ വാങ്ങിയതെന്നും മന്ത്രി തമാശ രൂപേണ പറഞ്ഞു. ഇനിമുതല്‍ പുതിയ കാറിലായിരിക്കും പേരക്കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടു പോകുക, അങ്ങനെയാകുമ്പോള്‍ ഇലക്ട്രിക് വാഹനത്തെ കുറിച്ച് കൂടുതല്‍ പേര്‍ അറിയുമെന്നും വാങ്ങാന്‍ പ്രേരണയാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി സ്വന്തമാക്കിയത് സാധാരണ മോഡലാണോ ലോങ് റേഞ്ച് ആണോ എന്ന് വ്യക്തമല്ല. സാധാരണ മോഡലിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ച് ആര്‍ഡബ്ല്യൂഡിക്ക് 67.89 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.
ഇതുവരെ 600 ബുക്കിങ്ങുകള്‍ മാത്രമാണ് ടെസ്ലയ്ക്ക് ഇന്ത്യയില്‍ ലഭിച്ചത്. ഇന്ത്യയില്‍ മികച്ച മാര്‍ക്കറ്റ് തുറക്കാനാകുമെന്ന കമ്പനിയുടെ പ്രതീക്ഷയ്ക്ക് നേരെ വിരുദ്ധമായിരുന്നു ഇത്. ഈ വര്‍ഷം 350 മുതല്‍ 500 കാറുകള്‍ വരെ രാജ്യത്ത് എത്തിക്കാനാണ് ടെസ്ലയുടെ പദ്ധതി. ആദ്യ ബാച്ച് സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ എത്തും.
രണ്ട് വേരിയന്റുകളിലായാണ് ടെസ്ല മോഡല്‍ വൈ ഇന്ത്യയില്‍ എത്തിയത്. റിയര്‍ വീല്‍ ഡ്രൈവ് (ആര്‍ഡബ്ല്യൂഡി) 60kWh ബാറ്ററിയിലും ലോങ് റേഞ്ച് ആര്‍ഡബ്ല്യൂഡി 75kWh ബാറ്ററിയിലുമാണ് എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് RWD 500 കിലോമീറ്റര്‍ പരിധിയും 5.9 സെക്കന്റിനുള്ളില്‍ 0-100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകുമെന്നാണ് വാഗ്ദാനം. അതേസമയം, ലോങ് റേഞ്ച് ആര്‍ഡബ്ല്യൂഡി 622 കിലോമീറ്റര്‍ പരിധിയില്‍ 5.6 സെക്കന്റ് സ്പ്രിന്റും വാഗ്ദാനം ചെയ്യുന്നു. രണ്ട് വേരിയന്റുകളുടേയും പരമാവധി വേഗത മണിക്കൂറില്‍ 201 കിലോമീറ്ററാണ്. 19 ഇഞ്ച് ക്രോസ്ഫ്‌ലോ അലോയ് വീലുകള്‍, സൂപ്പര്‍ചാര്‍ജിങ് എന്നിവ 15 മിനിറ്റിനുള്ളില്‍ 267 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ സഹായിക്കും.
പേള്‍ വൈറ്റ് മള്‍ട്ടി-കോട്ട്, സോളിഡ് ബ്ലാക്ക്, സ്റ്റെല്‍ത്ത് ഗ്രേ, അള്‍ട്രാ റെഡ്, ക്വിക്ക്സില്‍വര്‍, ഗ്ലേസിയര്‍ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിലായാണ് വൈ മോഡല്‍ എത്തുന്നത്. ബ്ലാക്ക് ആന്റ് വൈറ്റിലാണ് ഇന്റീരിയര്‍.