Source: X/ Tesla India
AUTO

മുംബൈയ്ക്ക് പിന്നാലെ ഡൽഹിയിലും; ഇന്ത്യയിലെ രണ്ടാമത്തെ ടെസ്‌ല ഷോറൂം വരുന്നൂ...

ഡൽഹിയിലാണ് ടെസ്‌ലയുടെ രണ്ടാമത്തെ ഷോറൂം ഒരുങ്ങുന്നത്.

Author : ന്യൂസ് ഡെസ്ക്

ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂമും ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിലാണ് ടെസ്‌ലയുടെ രണ്ടാമത്തെ ഷോറൂം ഒരുങ്ങുന്നത്. ദേശീയ തലസ്ഥാനത്ത് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന് സമീപമാണ് പുതിയ ഷോറൂം ഒരുങ്ങുന്നത്. പുതിയ ഷോറൂം ഓഗസ്റ്റ് 11ന് തുറന്ന് പ്രവർത്തനമാരംഭിക്കും എന്നാണ് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നത്.

ഈ മാസം 15ന് ടെ‌സ്‌ല ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. മുംബൈ നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് ടെസ്‌ലയുടെ പുത്തൻ ഷോറൂം പ്രവർത്തനമാരംഭിച്ചത്. പിന്നാലെ ടെസ്‌ലയുടെ മോഡൽ വൈ കാറുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചിരുന്നു. രാജ്യത്ത് ടെ‌സ്‌ലയുടെ ഔദ്യോഗിക വെബ്സൈറ്റും അതേദിവസം ആക്ടിവേറ്റ് ചെയ്തിരുന്നു. എന്നാൽ, മുംബൈ. ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാകും പ്രാരംഭ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യാനാകുക.

ടെസ്‌ലയുടെ റിയർ വീൽ ഡ്രൈവ് (ആർഡബ്ല്യുഡി) എൻട്രി ലെവൽ മോഡലിന് 59.89 ലക്ഷം രൂപയാണ് വില. അതേസമയം, ടെസ്‌ല മോഡൽ വൈ സീരീസിലെ ലോങ് റേഞ്ച് മോഡലിന് 67.89 ലക്ഷം രൂപ വിലയുണ്ട്. ടെസ്‌ല കൂടി ഇന്ത്യയിൽ എത്തിയതോടെ ഓട്ടോ മൊബൈൽ രംഗത്ത് വലിയതോതിലുള്ള കിടമത്സരം ഉണ്ടാകുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

SCROLL FOR NEXT