The Rocket Science Behind Tesla's Flying Roadster: How SpaceX Cold-Gas Thrusters and Suction Fans Defy Gravity News Malayalam 24x7
AUTO

റോക്കറ്റ് സാങ്കേതികവിദ്യയിൽ പറന്നുയരുന്ന ടെസ്‌ല റോഡ്സ്റ്റർ; വായുവിൽ പറക്കുന്ന കാറിന് പിന്നിലെ ശാസ്ത്രീയ രഹസ്യങ്ങൾ; സ്പേസ് എക്സ് വികസിപ്പിച്ച അത്ഭുതം

ടെക്സസിലെ സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തിൽ നടന്ന പ്രദർശനത്തിൽ അടിത്തട്ടിലെ സക്ഷൻ ഫാൻ സിസ്റ്റം വഴി റാമ്പിലൂടെ തലകീഴായി ഓടുകയും, തുടർന്ന് കോൾഡ്-ഗ്യാസ് എയർ ത്രസ്റ്ററുകൾ ഉപയോഗിച്ച് വായുവിൽ ഉയർന്നുപൊങ്ങി വശങ്ങളിലേക്ക് തിരിഞ്ഞ് ലാൻഡ് ചെയ്യുകയും, സൈബർട്രക്ക് ഉൾപ്പെടെ അഞ്ചോളം വാഹനങ്ങൾക്ക് മുകളിലൂടെ വായുവിൽ കരണം മറിഞ്ഞ് ചാടുകയുമാണ് റോഡ്സ്റ്റർ ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

ടെക്സസ്: വായുവിൽ ഉയർന്നുപൊങ്ങാനും മറ്റ് വാഹനങ്ങൾക്ക് മുകളിലൂടെ ചാടാനും തലകീഴായി പായാനും കഴിയുന്ന പുത്തൻ 'റോഡ്സ്റ്റർ' കാർ അവതരിപ്പിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക് ലോകത്തെ ഞെട്ടിച്ചത് കഴിഞ്ഞ ദിവസമാണ്. ടെക്സസിലെ സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തിൽ നടന്ന പ്രദർശനത്തിൽ അടിത്തട്ടിലെ സക്ഷൻ ഫാൻ സിസ്റ്റം വഴി റാമ്പിലൂടെ തലകീഴായി ഓടുകയും, തുടർന്ന് കോൾഡ്-ഗ്യാസ് എയർ ത്രസ്റ്ററുകൾ ഉപയോഗിച്ച് വായുവിൽ ഉയർന്നുപൊങ്ങി വശങ്ങളിലേക്ക് തിരിഞ്ഞ് ലാൻഡ് ചെയ്യുകയും, സൈബർട്രക്ക് ഉൾപ്പെടെ അഞ്ചോളം വാഹനങ്ങൾക്ക് മുകളിലൂടെ വായുവിൽ കരണം മറിഞ്ഞ് ചാടുകയുമാണ് റോഡ്സ്റ്റർ ചെയ്തത്.

യാതൊരുവിധ ഇന്ധന ജ്വലനവുമില്ലാതെ അത്യധികം മർദ്ദത്തിൽ സൂക്ഷിച്ചിരിക്കുന്ന വായു പ്രത്യേക നോസിലുകളിലൂടെ അതിവേഗം പുറന്തള്ളുന്ന 'കോൾഡ്-ഗ്യാസ് എയർ ത്രസ്റ്റർ' സംവിധാനമാണ് ഈ അത്ഭുതത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. കാറ്റ് നിറച്ച ഒരു ബലൂൺ കെട്ടഴിക്കാതെ വിടുമ്പോൾ വായു പുറത്തേക്ക് ചീറ്റിത്തെറിച്ച് ബലൂൺ മുന്നോട്ട് പായുന്ന അതേ തത്വമാണിത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റുകൾ ബഹിരാകാശത്ത് ദിശ മാറ്റാനും ഭ്രമണപഥത്തിലേക്ക് തിരിയാനും ഉപയോഗിക്കുന്ന നൈട്രജൻ കോൾഡ്-ഗ്യാസ് ത്രസ്റ്റർ സാങ്കേതികവിദ്യ തന്നെയാണ് ടെസ്‌ല കാറിലും സന്നിവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ റോക്കറ്റുകളിൽ ദിശ നിയന്ത്രിക്കാൻ മാത്രം ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യയെ റോഡ്സ്റ്ററിൽ വാഹനത്തെ ഭൂഗുരുത്വത്തെ മറികടന്ന് വായുവിൽ ഉയരാനും തിരിക്കുന്നതിനുമായി പരിഷ്കരിച്ചുവെന്നതാണ് ശ്രദ്ധേയം.

ഭാരം കുറഞ്ഞതും അതിശക്തവുമായ കോമ്പോസിറ്റ് ഓവർറാപ്പ്ഡ് പ്രഷർ വെസലുകളിൽ 250 കിലോഗ്രാം ഭാരം വരുന്ന 600 ലിറ്റർ വായുവാണ് കാറിൽ സംഭരിക്കുന്നത്. വാഹനം ഓടുമ്പോൾ തന്നെ പ്രവർത്തിക്കുന്ന പ്രത്യേക ഇലക്ട്രിക് കംപ്രസ്സർ ഈ ടാങ്കുകളിലേക്ക് വായു വീണ്ടും നിറയ്ക്കുന്നു. സാധാരണ ഉപഗ്രഹങ്ങളിൽ ദിശ മാറ്റാൻ 10 ന്യൂട്ടൺ മർദ്ദം മതിയെന്നിരിക്കെ, രണ്ട് ടണ്ണോളം ഭാരമുള്ള ഒരു കാറിനെ വായുവിൽ ഉയർത്താൻ 10,000 ന്യൂട്ടൺ ശക്തിയാണ് കാറിന്റെ ത്രസ്റ്ററുകൾ പുറപ്പെടുവിക്കുന്നത്.

എന്നാൽ ശാസ്ത്രീയ കണക്കുകൂട്ടലുകൾ പ്രകാരം ഈ വായു സംഭരണത്തിന് ഏഴോ എട്ടോ സെക്കൻഡുകൾ മാത്രമേ വാഹനത്തെ വായുവിൽ നിർത്താൻ കഴിയൂ. കാറിന് ചുറ്റുമുള്ള പത്തോളം ത്രസ്റ്ററുകൾ ഒരു സെക്കൻഡിന്റെ ചെറിയ അംശം കൊണ്ട് തുറന്നടച്ച് വാഹനത്തെ കൃത്യതയോടെ വായുവിൽ തിരിക്കുകയും സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ കാറിന്റെ അടിത്തട്ടിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക മൾട്ടി-മോഡ് സക്ഷൻ ഫാൻ റോഡിലെ വായു പൂർണ്ണമായി വലിച്ചെടുത്ത് വാഹനത്തിന് കാറിന്റെ ഭാരത്തിന്റെ ഇരട്ടി മർദ്ദം നൽകുന്നു. വേഗതയിൽ പോകുമ്പോൾ മാത്രം ഡൗൺഫോഴ്സ് നൽകുന്ന റേസിംഗ് കാറുകളിലെ ചിറകുകളിൽ നിന്ന് വ്യത്യസ്തമായി, വാഹനം നിർത്തിയിടുമ്പോഴും തലകീഴായി ഓടുമ്പോഴും റോഡിൽ ശക്തമായി ഒട്ടിപ്പിടിച്ചിരിക്കാൻ ഈ സക്ഷൻ സംവിധാനം സഹായിക്കുന്നു.

സാധാരണ ടയറുകളുടെ റോഡിലെ ഗ്രിപ്പ് പരിധി കാരണം കാറുകളുടെ വേഗത കൂട്ടുന്നതിന് പരിമിതികളുണ്ടായിരുന്നിടത്ത് കാറിന്റെ പിൻഭാഗത്തെ ഡിഫ്യൂസറിലുള്ള ത്രസ്റ്ററുകൾ അതിവേഗത്തിൽ വായു പുറന്തള്ളിയാണ് പൂജ്യത്തിൽ നിന്ന് 60 മൈൽ (97 കി.മീ) വേഗത വെറും 0.81 സെക്കൻഡിൽ കൈവരിക്കുന്നത്. കാറിന്റെ ഭാരത്തിന്റെ മൂന്ന് ഇരട്ടിയില്‍ അധികം ഗുരുത്വാകർഷണ ബലമാണ് ഈ ആക്സിലറേഷനിൽ ഡ്രൈവർ അനുഭവിക്കുന്നത്. റോക്കറ്റുകൾക്ക് ഉപയോഗിക്കുന്ന കഠിനമായ അൾട്രാവയലറ്റ്, സ്റ്റാറ്റിക് പ്രതിരോധമുള്ള 'ആനോ വൈറ്റ്' കോട്ടിംഗാണ് വാഹനത്തിന്റെ ബോഡിക്ക് നൽകിയിരിക്കുന്നത്.

കാറിന്റെ 'പെർഫോമൻസ്' വേരിയന്റിൽ സക്ഷൻ ഫാനും ആക്ടീവ് എയറോഡൈനാമിക്സും ലഭ്യമാകും എന്നാണ് വിവരം. ഇതിന് 50,000 ഡോളർ അഡ്വാൻസ് വില വരും, 'ത്രസ്റ്റ്' വേരിയന്റിൽ പിൻഭാഗത്തെ ആക്സിലറേഷൻ ത്രസ്റ്ററുകള്‍ ഉണ്ടാകും. 2.5 ലക്ഷം ഡോളർ അഡ്വാൻസ് ഈ കാറിന് വിലയുണ്ടാകും. 'റോക്കറ്റ്' എഡിഷനിൽ 10 ത്രസ്റ്ററുകൾ ഉൾപ്പെടുന്ന പൂർണ്ണ ഫ്ലൈറ്റ് സിസ്റ്റമുള്ള സിംഗിൾ സീറ്ററുമാണ് ലഭ്യമാകുക ഇത് സ്പെഷ്യല്‍ എഡിഷനായിട്ടായിരിക്കും ഇറങ്ങുക. കടുത്ത സുരക്ഷാ-റോഡ് റെഗുലേഷൻ മാനദണ്ഡങ്ങൾ മറികടന്ന് 2028-ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ റോഡ്സ്റ്റര്‍ ഓട്ടോമൊബൈൽ ലോകത്തെയും ബഹിരാകാശ എഞ്ചിനീയറിംഗിനെയും സംയോജിപ്പിച്ചുകൊണ്ട് മനുഷ്യന്റെ വാഹന സങ്കൽപ്പങ്ങളെത്തന്നെ അടിമുടി മാറ്റിയെഴുതുന്ന ഒരു വാഹനമാണ്.

SCROLL FOR NEXT