നനഞ്ഞ പ്രതലത്തില്‍ ഇരുചക്ര വാഹനം സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയാനിടയുണ്ട്. ഇക്കാര്യം നന്നായി ശ്രദ്ധിക്കണം. Source: X/ shawano leader
AUTO

മഴക്കാലത്ത് ഇരുചക്ര വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Author : ന്യൂസ് ഡെസ്ക്

മഴക്കാലത്ത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

റോഡിലെ മാര്‍ക്കിങ്ങുകള്‍, മാന്‍ഹോള്‍ മൂടി, റെയില്‍ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

മഴക്കാലത്ത് ഇരുചക്ര വാഹന യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് വേ​ഗത. റോഡിൽ ധാരാളം കുഴികളുണ്ട്. അത് കൊണ്ട് തന്നെ വേ​ഗത കുറച്ച് വേണം ഓടിക്കാൻ. വലിയ കുഴികളോ മൂടിയില്ലാത്ത മാന്‍ഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ടാകാം.

മഴക്കാലത്ത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാല്‍ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് തടസമുണ്ടാക്കും. അതിനാല്‍ ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളിൽ എത്തുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.

മഴക്കാലത്ത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് കൊണ്ട് വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയേറെയാണ്. ടൂ വീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവര്‍ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റില്‍ സൂക്ഷിക്കാം.

നനഞ്ഞ പ്രതലത്തില്‍ ഇരുചക്ര വാഹനം സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയും. അതിനാൽ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകള്‍ തിരിയുമ്പോള്‍ വേഗം കുറച്ച് വേണം തിരിയാൻ.

മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനട യാത്രക്കാരെയാണ്. മഴയത്ത് കാല്‍നട യാത്രക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിൻ്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.

നിങ്ങൾ സ്ഥിരമായി പോകുന്ന വഴിയാണെങ്കിൽ പോലും റോഡിൽ വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല. വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

മഴയത്ത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോ​ഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ, ഓറഞ്ച് അല്ലെങ്കിൽ വേറിട്ട നിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോ​ഗിക്കുക.

ടൂ വീലർ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെരിപ്പ് തന്നെയാണ്. ബാക്ക് സ്ട്രാപ്പുള്ള ചെരിപ്പ് ഇടുന്നതാണ് നല്ലത്. ചെളിയിലോ മണലിലോ റബര്‍ ചെരിപ്പ് സ്ലിപ്പ് ആകാൻ ഇടയുണ്ട്. അതുമൂലം ഓടിക്കുന്നയാളുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാൻ സാധ്യതയുണ്ട്.

SCROLL FOR NEXT