
ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ പുതിയ ഹാരിയര്‍.ഇവിയുടെ ലോഞ്ച് തന്നെ ആനപ്പാറ കയറി ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ്. ആ ഞെട്ടലില്‍ നിന്നും മുക്തരാവാത്തവരെ വീണ്ടും ഞെട്ടിച്ചുകൊണ്ടാണ് വണ്ടി വിപണയിലേക്കെത്തുന്നത്. ഇവി ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമല്ല, വാഹന പ്രിയരായവരുടെ ഒക്കെ മനം കവരുന്ന ഫീച്ചറുകളുമായാണ് ഇവി വിപണിയിലേക്കെത്തുന്നത്.
21.49 ലക്ഷമാണ് ഹാരിയറിന്റെ സ്റ്റാര്‍ട്ടിങ് പ്രൈസ്. ജൂലൈ രണ്ട് മുതല്‍ ബുക്കിങ് ചെയ്തു തുടങ്ങാം. സഫാരി സ്റ്റോം നിര്‍ത്തിയതിന് ശേഷം പുറത്തിറക്കുന്ന ആദ്യ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റമുള്ള മോഡലും ഹാരിയര്‍.ഇവിയാണ് എന്ന പ്രത്യേകതയുമുണ്ട്.
ഹാരിയര്‍.ഇവിയുടെ ഇന്റീരിയര്‍ ഫീച്ചര്‍
10.25 ഇഞ്ച് വരുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അപ്‌ഗ്രേഡ് ചെയ്ത ഡാഷ്‌ബോര്‍ഡുമാണ് വാഹനത്തിന്റെ ഇന്റീരിയറിന്റെ ഒരു പ്രധാന പ്രത്യേകത. 14.53 ഇഞ്ച് വരുന്ന ഹര്‍മന്റെ ഇന്‍ഫൊടൈന്‍മെന്റ് സിസ്റ്റം സാംസങ്ങിന്റെ നിയോ ക്യൂഎല്‍ഇഡിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്ത് തന്നെ ആദ്യമായി ഹാരിയറിലാണ് ഇങ്ങനെയൊരു കോമ്പിനേഷന്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. സിനിമാറ്റിക് എക്‌സ്പീരിയന്‍സ് നൽകുമെന്നാണ് ടാറ്റയുടെ അവകാശവാദം.
ജെബിഎല്‍ ബ്ലാക്ക് 10 സ്പീക്കറും ഡോള്‍ബിയും ചേര്‍ന്നുള്ള സൗണ്ട് സിസ്റ്റവും വെന്റിലേഷനുള്ള മുന്നിലെ സീറ്റുകളും ടാറ്റ നല്‍കുന്നു. 60:40 സ്പ്ലിറ്റ് സീറ്റുകളും 502 ലിറ്റര്‍ വരുന്ന ബൂട്ട് സ്‌പെയ്‌സും ഹാരിയറിന് നല്‍കിയിരിക്കുന്നു. ബൂട്ട് സ്‌പെയ്‌സ് 999 ലിറ്റര്‍ വരെ വികസിപ്പിക്കാനും സാധിക്കും.
വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എച്ച് ഡി റിയര്‍വ്യൂ മിററും ഡിജിറ്റല്‍ കീ എന്നിവയുമാണ് മറ്റു ഫീച്ചറുകള്‍. ഈ ബ്രാന്‍ഡ് വെഹിക്കിള്‍ ടു ലോഡ്, വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ്ങ് സൗകര്യവും നല്‍കുന്നുണ്ട്.
സുരക്ഷ
ഏഴ് എയര്‍ബാഗുകള്‍, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, ഹില്‍ ഹോള്ഡ് അസിസ്റ്റ്, മഴ സെന്‍സ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, എല്ലാ വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്ക് എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. ഇതിന് പുറമെ ഓട്ടോ ഹെഡ്‌ലാംപുകളും അക്കൊസ്റ്റിക് അലേര്‍ട്ട് സിസ്റ്റവും സുരക്ഷാ വര്‍ധിപ്പിക്കുന്നു.
ബാറ്ററി പാക്ക്
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് പ്രധാനമായും ഹാരിയര്‍. ഇവിയ്ക്ക് ലഭിക്കുക. 65 കിലോവാട്ട് ബാറ്ററിയും 75 കിലോ വാട്ട് ബാറ്ററിയും. 75 കിലോവാട്ട് ബാറ്ററിയില്‍ 627 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 120 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറാണ് നല്‍കുന്നത്. 15 മിനുട്ട് ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ റേഞ്ച് ഉറപ്പായും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 7.2 എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10-100 ശതമാനം വരെ 10.7 മണിക്കൂറില്‍ ചാര്‍ജ് ആകും.
ഡുവല്‍ മോട്ടോര്‍ സെറ്റ് അപ്പാണ് എസ് യുവിയുടെ മറ്റൊരു പ്രത്യേകത. 155 എച്ച് പി ഫ്രണ്ട് മോട്ടോറും 234 എച്ച് പി റിയര്‍ മോട്ടോറുമാണ് നല്‍കുന്നത്. 504 എന്‍എം പീക്ക് ടോര്‍ക്കും ടാറ്റ ഉറപ്പു നല്‍കുന്നുണ്ട്. വാഹനത്തിന്റെ ലോഞ്ചിങ് വീഡിയോയലും ടോര്‍ക്ക് എത്രമാത്രം വാഹനം ഉറപ്പു നല്‍കുന്നുണ്ടെന്ന് കാണിച്ചിരുന്നു.