ഒരു സെവൻ സീറ്റർ കാർ എന്നു പറഞ്ഞാൽ അത് വലിയ കുടുംബങ്ങളുടെ ആഗ്രഹമായിരിക്കും. പലപ്പോഴും വിലയാകും അതിന് തടസം നിൽക്കുന്നത്. ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട ഇതിന് പരിഹാരം അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ കാറായ റൂമിയോൺ ആണ് ആ പരിഹാരം.
10,44,200 ലക്ഷം രൂപ മുതൽ 13,61,800 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിൽ റൂമിയോൺ വിപണിയിലുണ്ട്. ഇപ്പോഴിതാ റൂമിയോണിന് വിലക്കിഴിവും മറ്റ് ആനുകീല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം കമ്പനി ഈ കാറിന് 30,000 രൂപയുടെ ചെറിയ കിഴിവും വാഗ്ദാനം ചെയ്യുന്നു. 10,000 രൂപയുടെ വിൽപ്പന കിഴിവും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു.
വിലക്കുറവാണ് എന്നു കരുതി ഘടനയിലോ, സുരക്ഷ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലോ ഒരു കുറവും റൂമിയോൺ വരുത്തിയിട്ടില്ല. മാരുതി എർട്ടിഗയുടെ പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കാഴ്ചയിൽ ഇവ തമ്മിൽ സാമ്യമുണ്ട്. എന്നാൽ അവയുടെ പുറംഭാഗത്തും ഇന്റീരിയറിലും ചെറിയ മാറ്റങ്ങളുണ്ട്. 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ പെട്രോൾ-CNG എഞ്ചിൻ ഓപ്ഷനുകളിൽ Rumion ലഭ്യമാണ്. ആദ്യത്തേത് 102bhp കരുത്തും 137Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടറുമായി ജോടിയാക്കിയിരിക്കുന്നു.
CNG പവർട്രെയിൻ 87bhp കരുത്തും 121.5Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 1.5 ലിറ്റർ NA പെട്രോൾ മോട്ടോർ 20.51kmpl ഇന്ധനക്ഷമത നൽകാൻ പ്രാപ്തമാണ്, അതേസമയം CNG വേരിയന്റ് 26.11km/kg ഇന്ധനക്ഷമത നൽകുന്നുണ്ട് റൂമിയോണിൽ. ഇതിനു പുറമേ ഫീച്ചറുകളുടെ കാര്യത്തിലും ആള് അപ്ഡേറ്റഡാണ്.
ടൊയോട്ട റൂമിയണിൽ വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഓഡിയോ, കോളിംഗിനായി സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, രണ്ടാം നിര എസി വെന്റുകൾ, ടൊയോട്ട ഐ-കണക്റ്റ് എന്നിവ ഉൾപ്പെടുന്നു. 55-ലധികം സവിശേഷതകൾ ഇതിലുണ്ട്. സുരക്ഷയ്ക്കായി, ഇതിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, രണ്ടാം നിരയ്ക്കുള്ള ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉൾപ്പെടുന്നു.