യുവാക്കൾക്കിടയിൽ ബൈക്ക് ഹരമാണ്. അതിൽ തന്നെ സൂപ്പർ ബൈക്കുകളോട് ആരാധനയുള്ളവരും നിരവധിയാണ്. അങ്ങനെയുള്ളവർക്ക് ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കാവസാക്കി നിൻജ. 2026 കാവസാക്കി നിൻജ ZX-10R-ന് കമ്പനി പ്രഖ്യാപിച്ച വിലക്കിഴിവാണ് ആളുകളെ ആകർഷിക്കുക. സ്ഥിരം വിലക്കിഴിവ് പോലെ പത്തും പതിനായിരവുമല്ല 2.50 ലക്ഷം രൂപയാണ് ഈ സൂപ്പർ ബൈക്കിന് കിഴിവ് നൽകുന്നത്.
റോഡ് വിലയിലെ ഈ ഗണ്യമായ കുറവിന് ശേഷം, ZX-10R-ന്റെ വില ഇപ്പോൾ ഏകദേശം 21.10 ലക്ഷം രൂപ ആണ്. അടുത്തകാലത്ത് ഒരു സൂപ്പർ ബൈക്കിന് പ്രഖ്യാപിക്കുന്ന വലിയ വിലക്കിഴിവാണ് ഇത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം 2025 ഡിസംബർ 31 വരെ മാത്രമേ ഈ ആനുകൂല്യത്തിന് സാധുതയുള്ളൂ എന്നതാണ്.ഈ സെഗ്‌മെന്റിൽ വളരെ അപൂർവമായി മാത്രമേ ഇത്രയും കിഴിവ് ലഭിക്കുകയുള്ളു.
ഉപഭോക്താക്കൾക്ക് ഓൺ-റോഡ് വിലയിൽ ഗണ്യമായ ലാഭം നൽകുന്ന ആനുകൂല്യമാണ്. 2025 സെപ്റ്റംബറിൽ 19.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് 2026 കവാസാക്കി നിഞ്ച ZX-10R പുറത്തിറങ്ങി. സൂപ്പർബൈക്ക് ആഗ്രഹിക്കുന്നവർക്കും ട്രാക്ക് റൈഡിംഗ് ആസ്വദിക്കുന്നവർക്കും വേണ്ടിയുള്ളതാണ് ഈ ബൈക്ക്. അത് ആഗ്രഹിച്ചിരിക്കുന്നവർക്ക് ഈ അവസരം നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാകും. ഹാർഡ്‌കോർ റൈഡേഴ്‌സിനായി മാത്രം നിർമ്മിച്ചതാണ് ഈ ബൈക്ക്.
998 സിസി ഇൻലൈൻ 4 സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 13,000 rpm-ൽ 193 bhp (റാം എയറിനൊപ്പം 202 bhp) കരുത്തും 11,400 rpm-ൽ 112 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് ഗിയർബോക്സുമായി ജോഡിയാക്കിയിരിക്കുന്നു. ട്യൂബുലാർ ഡയമണ്ട് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മുൻവശത്ത് യുഎസ്‍ഡി ഫോർക്കുകളും പിന്നിൽ പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് സസ്‌പെൻഷനും ഇതിലുണ്ട്. ട്രാക്കിലും ഹൈവേയിലും ബൈക്കിന് മികച്ച നിയന്ത്രണവും സ്ഥിരതയും ഈ സജ്ജീകരണം നൽകുന്നു.
ZX-10R ഒരു ക്ലാസ്-ലീഡിംഗ് പെർഫോമറാണെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലിറ്റർ-ക്ലാസ് സൂപ്പർബൈക്കുകളായ BMW S1000RR, Ducati Panigale V4 എന്നിവയുമായി ഈ സൂപ്പർബൈക്ക് നേരിട്ട് മത്സരിക്കുന്നു.ഈ ബൈക്ക് പരിഗണിക്കുകയാണെങ്കിൽ, ഡിസംബർ 31-ന് മുമ്പ് ഈ ഡീൽ സ്വന്തമാക്കാവുന്നതാണ്. ഓരോ പ്രദേശത്തിനും, ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വിലയിൽ ചെറിയ മാറ്റങ്ങൾ വരുവാനുള്ള സാധ്യത കൂടി പരിഗണിക്കണം.