Source: X / MotorOctane
AUTO

പുതിയ രൂപത്തിൽ ടൊയോട്ട അർബൻ ക്രൂയിസർ ഇവി എത്തുന്നു

500 കിലോമീറ്ററിൽ കൂടുതൽ റേഞ്ചും ആകർഷകമായ ഫീച്ചറുകളുമായാണ് വാഹനമെത്തുന്നത്

Author : വിന്നി പ്രകാശ്

ടൊയോട്ട തങ്ങളുടെ ആദ്യ ഇവി മോഡലായ അർബൻ ക്രൂയിസർ അവതരിപ്പിക്കാനൊരുങ്ങുയാണ്. ജനുവരി 20ന് ഇന്ത്യൻ വിപണിയിലെത്തുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ടീസറും ബ്രാൻഡ് പുറത്തിറക്കി കഴിഞ്ഞു. മാരുതി സുസുക്കി ഇ വിറ്റാരയുടെ പുനർനിർമിതമായ മോഡലാണ് ഇത്. ഗ്ലാൻസ-ബലേനോ, റുമിയോൺ-എർട്ടിഗ, ഫ്രോങ്ക്സ്-ടെയ്‌സർ തുടങ്ങിയ മോഡലുകളുടെ വിജയത്തിന് ശേഷം രണ്ട് ബ്രാൻഡുകളും കൈകോർക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടൊയോട്ട അർബൻ ക്രൂയിസർ ബിഇവി കൺസെപ്റ്റ് മോഡലിനോട് ഏറെക്കുറെ സമാനമാണ് ടീസറിൽ പുറത്തു വിട്ട ഇവിയുടെ ഡിസൈനും. വ്യത്യസ്തമായ ബോണറ്റ്, എൽഇഡി ഡിആർഎല്ലുകളുള്ള സ്ലിം ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം വാഹനത്തെ ആകർഷമാക്കുന്നുണ്ട്. 500 കിലോമീറ്ററിൽ കൂടുതൽ റേഞ്ചും ആകർഷകമായ ഫീച്ചറുകളുമായാണ് വാഹനമെത്തുന്നത്.

എന്നാൽ, ഇതിൻ്റെ ഇൻ്റീരിയർ രഹസ്യങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഡാഷ്‌ബോർഡ് ലേഔട്ടും ഫീച്ചർ ലിസ്റ്റും മാരുതി സുസുക്കി ഇ വിറ്റാരയുമായി വളരെ സാമ്യമുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, 2 സ്പോക്ക് സ്റ്റിയറിംഗ് വീൽ, 10.25 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം,ഒന്നിൽ കൂടുതൽ എയർ ബാഗുകൾ,പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ, TPMS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ഇതിൻ്റെ സവിശേഷതകളിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്.

ഇ വിറ്റാരയുടെ 49 kWh , 61 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ തന്നെയായിരിക്കും അർബൻ ക്രൂയിസറും പിന്തുടരുന്നത്. വലിയ 61 kWh ബാറ്ററി ഒറ്റ ചാർജിൽ 543 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നാണ് മാരുതിയുടെ അവകാശ വാദം.

ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ടൊയോട്ട അർബൻ ക്രൂയിസർ ഇവി ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി ഇസഡ്എസ് ഇവി, ടാറ്റ കർവ് ഇവി, സഹോദര മോഡലായ മാരുതി സുസുക്കി ഇ വിറ്റാര തുടങ്ങിയ മോഡലുകളുമായായിരിക്കും ഏറ്റുമുട്ടേണ്ടി വരിക.

SCROLL FOR NEXT