AUTO

ടാറ്റ കര്‍വ് ഇവിയുടെ വി2എല്‍ ഫീച്ചര്‍; ചാര്‍ജ് ഉപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിച്ച് വെള്ളം നിറക്കുന്നു! വൈറലായി ദൃശ്യങ്ങള്‍

വിടുഎല്‍ ചാര്‍ജിങ് അഡാപ്റ്റര്‍ ഉപയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിക്കുമ്പോൾ തന്നെ കാറിലെ എസി ഓണ്‍ ആയിരിക്കുകയാണെന്നും പറയുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഇലക്ട്രിക്ക് കാറുകളില്‍ വരുന്ന പുത്തന്‍ മാറ്റങ്ങള്‍ അറിയാനും അതിനെക്കുറിച്ച് പഠിക്കാനും ഇന്ന് വാഹന പ്രേമികള്‍ക്ക് അത്രയേറെ താല്‍പ്പര്യമുണ്ട്. പെട്രോള്‍ വിലയും ഡീസല്‍ വിലയും കുത്തനെ കയറുമ്പോള്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് കൂടുമാറുന്നവരും കുറച്ചൊന്നുമല്ല. അതില്‍ തന്നെ ചില ഇലക്ട്രിക് വാഹനങ്ങള്‍ വെഹികിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ്ങും വെഹിക്കിള്‍ ടു ലോഡ് ചാര്‍ജിങ്ങും ഒക്കെ നല്‍കുന്നുണ്ട്. വാഹനത്തില്‍ നിന്ന് വാഹനത്തിലേക്ക് ചാര്‍ജ് ചെയ്യുന്നതിനെയാണ് വി2വി ചാര്‍ജിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വി2എല്‍ എന്നാല്‍ വാഹനത്തിലെ ചാര്‍ജിങ് കൊണ്ട് മറ്റു ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്ന സംവിധാനമാണ്.

ഇപ്പോഴിതാ ടാറ്റ കര്‍വ് ഇവിയുടെ വി2എല്‍ ചാര്‍ജിങ്ങിലൂടെ മോട്ടോര്‍ പമ്പ് പ്രവര്‍ത്തിപ്പിച്ച് വെള്ളം നിറയ്ക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ടോര്‍ക്ക് ഇന്ത്യ അടക്കമുള്ള ഓട്ടോമൊബീല്‍ മീഡിയകളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

1എച്ച്പി വാട്ടര്‍ പമ്പാണ് വി2എല്‍ ചാര്‍ജിങ് അഡാപ്റ്റര്‍ ഉപയോഗിച്ച് കര്‍വ് ഇവിയുടെ ചാര്‍ജിങ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതായി വീഡിയോയില്‍ കാണുന്നത്. വി2എല്‍ ചാര്‍ജിങ് അഡാപ്റ്റര്‍ ഇലക്ട്രിക് പമ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കിണര്‍ പോലുള്ള ഒരു സംവിധാനത്തില്‍ നിന്നുമാണ് വെള്ളം സമീപത്ത് പ്ലാസ്റ്റിക് ഷീറ്റ് നിരത്തി താല്‍ക്കാലികമായി നിര്‍മിച്ച കുഴിയിലേക്ക് നിറയ്ക്കുന്നത്.

വീഡിയോ എടുക്കുന്നയാള്‍ കുറച്ചുകൂടി എസ് യുവി യുടെ അടുത്തേക്ക് എത്തി കാറിന്റെ പവര്‍ കാണിക്കുന്നുണ്ട്. വിടുഎല്‍ ചാര്‍ജിങ് അഡാപ്റ്റര്‍ ഉപയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിക്കുമ്പോൾ തന്നെ കാറിലെ എസി ഓണ്‍ ആയിരിക്കുകയാണെന്നും പറയുന്നുണ്ട്.

കര്‍വിന് പുറമെ, ഹ്യുണ്ടേ അയോണിക് 5, കിയ ഇവി6, എംജി വിന്‍ഡ്‌സര്‍ ഇവി പ്രോ, ടാറ്റ നെക്‌സോണ്‍ ഇവി എന്നീ കാറുകള്‍ക്കും വി2എല്‍ ചാര്‍ജിങ് ഫീച്ചര്‍ നല്‍കുന്നുണ്ട്. ഇവ ഇന്ത്യന്‍ മാര്‍ക്കറ്റിലും ലഭ്യമാണ്.

SCROLL FOR NEXT