നിയമ വിരുദ്ധമായി വാക്കിടോക്കികൾ വിറ്റതിന് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും മെറ്റയുമടക്കം 13 ഈ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് പിഴ ഈടാക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി . ശരിയായ ഫ്രീക്വന്‍സി, ലൈസന്‍സിംഗ് വിവരങ്ങള്‍, എക്യുപ്‌മെന്റ് ടൈപ്പ് അപ്രൂവല്‍ എന്നിവ സംബന്ധിച്ച വിവരങ്ങളില്ലാതെ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്തതിനും വിറ്റതിനുമാണ് നടപടി.
ആമസോൺ , ഫ്ലിപ്കാർട്ട് ,മീഷോ, ചിമിയ, ജിയോ മാർട്ട്, ടാക്ക് പ്രൊ, മാസ്ക് മാൻ ടോയ്സ്,ട്രേഡ് ഇന്ത്യ, വർദാൻമാർട്ട്, ഇന്ത്യാ മാർട്ട്, കൃഷ്ണ മാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കാണ് പിഴ ചുമത്തിയത്. മീഷോ,മെറ്റാ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക് മാർക്കറ്റ് പ്ലെസ്, ഫ്ലിപ് കാർട്ട്, ആമസോൺ എന്നീ പ്ലാറ്റ്ഫോമുകൾക്ക് 10 ലക്ഷം രൂപയും ചിമിയ ഉൾപ്പെടെയുള്ള മറ്റുള്ളവയ്ക്ക് ഒരു ലക്ഷം രൂപയുമാണ് പിഴയിട്ടത്.
തെറ്റായ പരസ്യം നൽകൽ, ഉപഭോക്തൃ അവകാശ ലംഘനം, അവിഹിത വ്യാപാര രീതികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ലൈസൻസില്ലാത്ത തരംഗദൈർഘ്യങ്ങളിൽ പ്രവർത്തിക്കുന്ന വാക്കി ടോക്കികൾ സുരക്ഷാ ഏജൻസികളുടേയും അടിയന്തര സേവനങ്ങളുടേയും ആശയവിനിമയം ശൃംഖലയെ ബാധിക്കുമെന്ന അതോറിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിൽപനയ്ക്ക് മുമ്പ് ഇത്തരം ഉപകരണങ്ങൾ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
നടപടിക്ക് പിന്നാലെ എട്ട് സ്ഥാപനങ്ങൾക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കുകയും 44 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. മീഷോ, മെറ്റ, ജിയോമാർട്ട്, ടോക് പ്രോ, ചിമിയ എന്നിവ ഇതിനകം തന്നെ പിഴയടച്ചിട്ടുണ്ട്.