Image: X
BUSINESS

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

പൈലറ്റുമാരുടെ കുറവ് സർവീസിനെ ബാധിച്ചെന്ന് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ നേരിടുന്നത്. രാജ്യത്തുടനീളം സര്‍വീസ് റദ്ദാക്കലുകളും വൈകലുമാണ് കമ്പനിയും യാത്രക്കാരും നേരിടുന്നത്.

പുതിയ ഡ്യൂട്ടി സമയം സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ വിശ്രമ സമയം വര്‍ധിച്ചത് പൈലറ്റുമാരുടേയും ക്യാബിന്‍ ക്രൂവിന്റേയും ലഭ്യത കുറഞ്ഞതാണ് സര്‍വീസുകളെ പ്രധാനമായും ബാധിച്ചത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലായി ഏകദേശം 200-ഓളം സര്‍വീസുകള്‍ റദ്ദാക്കുകയോ, ഏഴ് മണിക്കൂര്‍ വരെ വൈകുകയോ ചെയ്തിട്ടുണ്ട്.

വിമാനങ്ങള്‍ കൃത്യസമയത്ത് പറന്നുയരുന്നതിലുള്ള ഇന്‍ഡിഗോയുടെ പ്രകടനം 35 ശതമാനം ആയി കുറഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. വിമാനത്താവളങ്ങളിലെ തിരക്ക്, സാങ്കേതിക തകരാറുകള്‍, ശൈത്യകാല ഷെഡ്യൂള്‍ മാറ്റങ്ങള്‍ തുടങ്ങിയ വിവിധ കാരണങ്ങള്‍ തടസ്സങ്ങള്‍ക്ക് ആക്കം കൂട്ടിയതായി ഇന്‍ഡിഗോ അറിയിച്ചു.

യാത്രക്കാര്‍ക്ക് റീഫണ്ടുകളോ മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യങ്ങളോ നല്‍കുന്നുണ്ടെന്നാണ് എയര്‍ലൈന്‍ അറിയിച്ചത്. യാത്ര ചെയ്യുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്നും ഇന്‍ഡിഗോ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ദിവസേന 2,200 വിമാനങ്ങള്‍ പറത്തുന്ന ഇന്‍ഡിഗോയ്ക്ക് ഇന്നലെ മാത്രം 1,400 വിമാനങ്ങളാണ് വൈകിയത്. നവംബര്‍ മാസത്തില്‍ മാത്രം 1,232 വിമാനങ്ങളാണ് റദ്ദാക്കിയത്. ഫ്‌ളൈറ്റ് ഡ്യൂട്ടി സമയ പരിധി അഥവാ എഉഠഘ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഒരു ക്രൂ അംഗത്തിന് ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കാവുന്ന മണിക്കൂറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നു. ഇത് ഒരു ദിവസം എട്ട് മണിക്കൂര്‍, ആഴ്ചയില്‍ 35 മണിക്കൂര്‍, ഒരു മാസം 125 മണിക്കൂര്‍, ഒരു വര്‍ഷം 1,000 മണിക്കൂര്‍ എന്നിങ്ങനെയാണ്.

ഓരോ ക്രൂ അംഗത്തിനും അവരുടെ ഫ്‌ളൈറ്റ് സമയത്തിന്റെ ഇരട്ടി ദൈര്‍ഘ്യമുള്ള വിശ്രമ സമയം ലഭിക്കണമെന്നും, 24 മണിക്കൂര്‍ വിന്‍ഡോയ്ക്കുള്ളില്‍ കുറഞ്ഞത് 10 മണിക്കൂര്‍ വിശ്രമം നല്‍കണമെന്നുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്നും സുരക്ഷയെ അപകടപ്പെടുത്തുന്ന ക്ഷീണത്തിലേക്ക് തള്ളിവിടുന്നില്ലെന്നും ഉറപ്പാക്കാനാണ് DGCA ഇത് കൊണ്ടുവന്നത്.

SCROLL FOR NEXT