എയർ ഇന്ത്യ Source: Facebook/ Shivam Saxena
BUSINESS

38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ജൂൺ 21നും ജൂലൈ 15നും ഇടയിലെ 38 അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ആഴ്ചയിൽ 38 അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നറിയിച്ച് എയർ ഇന്ത്യ. മൂന്ന് വിദേശ റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കുമെന്നും കമ്പനി അറിയിച്ചു. ജൂൺ 21നും ജൂലൈ 15നും ഇടയിലെ ആഴ്ചയിലെ 38 അന്താരാഷ്ട്ര വിമാന സർവീസുകളും മൂന്ന് വിദേശ റൂട്ടുകളിലെ സർവീസുകളും നിർത്തിവയ്ക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്.

ജൂൺ 12 ന് അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ നിരവധി തടസങ്ങൾ നേരിട്ടിരുന്നു. 18 അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സർവീസുകൾ കുറയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് ഷെഡ്യൂൾ പുനഃസ്ഥാപിക്കുകയും, യാത്രക്കാർക്ക് അവസാന നിമിഷത്തെ അസൗകര്യം കുറയ്ക്കുകയും ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു. വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന ഫ്ലൈറ്റുകൾ താൽക്കാലികമായി 15 % കുറയ്ക്കുമെന്ന് അറിയിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത്തരത്തിലൊരു പ്രഖ്യാപനം വരുന്നത്.

ഇത് ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരുമെന്നും ജൂലൈ 15 വരെ നിലനിൽക്കുമെന്നും എയർലൈൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഡൽഹി-നൈറോബി, അമൃത്സർ-ലണ്ടൻ (ഗാറ്റ്‌വിക്ക്), ഗോവ (മോപ)-ലണ്ടൻ (ഗാറ്റ്‌വിക്ക്) എന്നീ സർവീസുകൾ ജൂലൈ 15 വരെ റദ്ദാക്കും. കൂടാതെ, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 18 അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സർവീസുകളും കുറയ്ക്കും.

ഈ നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാരോട് എയർ ഇന്ത്യ വീണ്ടും ക്ഷമ ചോദിച്ചു. ബദലായി മറ്റ് വിമാനങ്ങളിൽ സൗകര്യം ഒരുക്കുമെന്നും, മുൻഗണന അനുസരിച്ച് മുഴുവൻ പണവും റീഫണ്ട് ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.

SCROLL FOR NEXT